ദേശിയ ഗെയിംസിന്റെ മറവില്‍ നടന്നത് കൊടുംകൊള്ള; വാങ്ങിയ 100 എസികള്‍ അപ്രത്യക്ഷമായി വാടകക്കെടുത്ത വാഹനങ്ങളുടെ പേരില്‍ കോടികളുടെ കണക്ക്

കൊച്ചി: കേരളത്തില്‍ നടന്ന ദേശിയ ഗെയിംസിന്റെ മറവില്‍ നടന്നത് വന്‍കൊള്ളയെന്ന് സിഎജി റിപ്പോര്‍ട്ട.വാഹനങ്ങളുടെ വാടകമുതല്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ വരെ വന്‍തുകകളാണ് അടിച്ചുമാറ്റിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള കരാറുകളും ടെന്‍ഡര്‍ നടപടികളും പരിശോധിച്ച ശേഷമാണ് സിഎജി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 500 ഓളം വാഹനങ്ങള്‍ ഗെയിംസിനായി വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നെങ്കിലും ഇവ എങ്ങോട്ട് ആര്‍ക്കൊക്കെ വേണ്ടി ഓടിയെന്നതിന് കൃത്യം കണക്കില്ല. 10.78 കോടി രൂപ മുടക്കി വണ്ടികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല. വേദികളിലായി നാനൂറോളം എസികള്‍ വാടകയ്ക്കും 100ഓളം എസികള്‍ വിലയ്ക്കു വാങ്ങുകയും ചെയ്തു. ഗെയിംസ് കഴിഞ്ഞതോടെ വാങ്ങിയ എസികള്‍ ഒന്നു പോലും കാണാതായി. വെറും മുപ്പത് ദിവസത്തെ ഗെയിംസിന് വേണ്ടി എസികള്‍ വാടകയ്ക്ക് എടുക്കുന്നതിന് പകരം വാങ്ങിയത് അധികചെവലുണ്ടാക്കിയതായും സിഎജി കണ്ടെത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇവിടെ പരിശീലനം നല്‍കാന്‍ സ്വാകാര്യ ഭൂമിയില്‍ ടെന്നിസ് കോര്‍ട്ട് നിര്‍മ്മിച്ചത് 1 കോടി 50 ലക്ഷത്തി 55543 രൂപ ചെലവാക്കിയാണ്. എന്നാല്‍ ഒരു കളിക്കാരന് പോലും ഇതിന്റെ ഗുണം കിട്ടിയില്ല. 10 കോടി 85 ലക്ഷത്തി 7102 രൂപ ചെലവിട്ട് നവീകരിച്ച കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഉപയോഗിച്ചത് വെറും ക്യാമ്പ് ഓഫീസ് ആയാണ്.

ഗെയിംസ് നടത്തിപ്പിനായുള്ള 611 കോടി രൂപയില്‍ കേന്ദ്രവിഹിതം 121 കോടി രൂപയാണ്. ഗെയിംസ് നടത്തിപ്പില്‍ ഒരു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുയാണ് സിഎജി റിപ്പോര്‍ട്ട്.

അതേസമയം ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിനെ വെല്ലുന്ന അഴിമതിയാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്നും വി എസ് വ്യക്തമാക്കി.

യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടത്തിയത്. അതിന്റെ പേരില്‍ കല്‍മാഡി കല്‍ത്തുറുങ്കിണ്‍ലുമായി. സമാനമായ അഴിമതി ഇവിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ ദേശീയ ഗെയിംസിലും ഉണ്ടായതായാണ് സിഎജി റിപ്പോര്‍ട്ട് തെളിയിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊട്ട് ഗെയിംസിനുള്ള ഉപകരണങ്ങളില്‍ തുടങ്ങി വാട്ടര്‍ ബോട്ടിലുകള്‍ വരെ വാങ്ങിയതില്‍ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഗെയിംസ് വില്ലേജിലേക്ക് വാങ്ങിയ എയര്‍ കണ്ടീഷണറുകള്‍ കാണാതായതായും പറയുന്നുണ്ട്.

സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, ഈ അഴിമതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഈ അഴിമതിയുടെ ഉത്തരവാദികള്‍. സുരേഷ് കല്‍മാഡിയുടെ ഗതിയായിരിക്കും ഉമ്മന്‍ ചാണ്ടിക്കും വരാന്‍ പോകുന്നത്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ നിന്നും താന്‍ മാറി നിന്നതെന്നും വി എസ് പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ അഴിമതിവീരാരെ പാഠം പഠിപ്പിക്കണമെന്നും വി എസ് അഭ്യര്‍ത്ഥിച്ചു.

Top