നാഷണല്‍ ഹെറാള്‍ഡ് കേസ്:സോണിയയും രാഹുലും കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി നല്‍കിയ സമന്‍സിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഡല്‍ഹിയിലുള്ള നാഷനല്‍ ഹെറാള്‍ഡിന്റെ കെട്ടിടം വാങ്ങാനായി സോണിയയുടെ നേതൃത്വത്തിലുള്ള യംഗ് ഇന്ത്യ ട്രസ്റ്റിന് കോണ്‍ഗ്രസ് പാര്‍ട്ടി പലിശ രഹിത വായ്പ നല്‍കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണു കോടതിയെ സമീപിച്ചിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തട്ടിപ്പ് കേസില്‍ കോടതി മുമ്പാകെ ഹാജരാകുന്നത് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി മാസങ്ങളായി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാണിച്ച് കേസിലെ വാദിയായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ കക്ഷികള്‍ എന്തിനാണ് പലിശ രഹിത വായ്പ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയതെന്നും പണം വകമാറ്റി ചെലവഴിച്ച കേസാണിതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് പരാതി നല്‍കാന്‍ അധികാരമില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഇന്നലെ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. അഴിമതിക്കെതിരെ ഒരു പൗരന് പരാതി നല്‍കാനുള്ള അധികാരം നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി ഇതിന് മറുപടിയും നല്‍കി.

നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ വാങ്ങിയ യങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സോണിയക്കും രാഹുലിനും പുറമേ ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച പത്രം 2008ല്‍ കോണ്‍ഗ്രസ് അടച്ചുപൂട്ടിയിരുന്നു. പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടുനടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 90.25 കോടി രൂപയുടെ ബാധ്യതകള്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത് കേവലം 50 ലക്ഷം രൂപ നല്‍കിയാണ്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 2000 കോടിയുടെ ആസ്ഥിയാണുണ്ടായിരുന്നത്.

പത്രത്തിന്റെ കോടിക്കണക്കിന് വരുന്ന ആസ്തികള്‍ തട്ടിയെടുക്കുന്നതിനായി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ശ്രമിക്കുകയാണെന്ന ആരോപണം വിചാരണ കോടതി തള്ളിയിരുന്നില്ല. വാദിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച വിചാരണ കോടതി ഇരുവരോടും കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡെന്ന് നേതാക്കള്‍ക്ക് സമന്‍സ് അയച്ചുകൊണ്ട് വിചാരണക്കോടതി വ്യക്തമാക്കുകയും ചെയ്തു. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടികള്‍ തുടരുന്നതിനും ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് അച്ചുപൂട്ടിയപ്പോള്‍ പ്രസാധകര്‍ക്ക് തുച്ഛമായ തുക നല്‍കി ആസ്തികള്‍ ഏറ്റെടുത്തെങ്കിലും പത്രത്തിലെ ജീവനക്കാര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. പത്രത്തിന്റെ ആസ്തികള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുകയും ചെയ്തു.

2008 ല്‍ പൂട്ടിയ നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഡല്‍ഹി ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ കെട്ടിടം സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഭൂരിപക്ഷമുള്ള സ്വകാര്യ കമ്പനിയായ യംഗ് ഇന്ത്യ തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ദേശീയ വിജ്ഞാന കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ സാം പിത്രോഡ എന്നിവരും കോടതിയില്‍ ഹാജരാകണം. എല്ലാവരും ചേര്‍ന്നുള്ള ഗൂഡാലോചനയുടെ ഫലമായി 90 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയെന്നാണ് ആരോപണം. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

 

Top