ബെംഗളൂരു: വീട്ടിൽ നിന്നും ഓഫീസിൽ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ.
അഴിമതിയാരോപണം നേരിടുന്ന ബിജെപി എം.എൽ.എ. മാദൽ വിരൂപാക്ഷപ്പയാണ് തനിക്ക് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് പറഞ്ഞത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ്‌സ് ലിമിറ്റഡ് ചെയർമാനായിരുന്ന ചന്നഗിരി എം.എൽ.എ. വിരൂപാക്ഷപ്പ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പൊട്ടിക്കരഞ്ഞത്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎയ്‌ക്കെതിരെ റെയ്ഡ് നടക്കുന്നത്. തന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്.
സാധാരണ കർഷകന്റെ വീട്ടിൽ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കറുണ്ട്. വിപണനശാലയുമുണ്ട്. നിരവധി ബിസിനസുകൾ നടത്തുന്നു. ലോകായുക്തയ്ക്ക് ഉചിതമായ രേഖകൾ നൽകുകയും പണം തിരികെ വാങ്ങുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാർ കരാറുകാരനിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ കുടുക്കിയത്. എംഎൽഎക്ക് വേണ്ടിയാണ് കൈക്കൂലി നൽകിയതെന്ന് കരാറുകാരൻ ആരോപിച്ചിരുന്നു.
തുടർന്നുള്ള റെയ്ഡുകളിൽ കുടുംബ വീട്ടിൽ നിന്ന് 8.23 കോടി രൂപയും വൻതോതിൽ സ്വർണം, വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസറാണ് പ്രശാന്ത്, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ ചീഫ് അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ടെൻഡർ രേഖകളിൽ ഒപ്പിടാൻ തനിക്ക് ഭരണപരമായ അധികാരമില്ലാത്തതിനാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എം.എൽ.എ. പറഞ്ഞു.
കെഎസ്‌ഡിഎൽ ഉദ്യോഗസ്ഥർ സുതാര്യമായ രീതിയിലാണ് ടെൻഡറുകൾ പൂർത്തിയാക്കിയതെന്നും അഴിമതി നടന്നിട്ടില്ലെന്നും വിരൂപാക്ഷപ്പ പറഞ്ഞു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാൽ കോടതി എനിക്ക് ജാമ്യം നൽകി. തനിക്കെതിരായ ഗൂഢാലോചന നടക്കുന്നു. എന്റെ പാർട്ടിയെ ദ്രോഹിക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല, അഴിമതിയും ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും ബി.ജെ.പി. എം.എൽ.എ. പറഞ്ഞു.
തന്റെ മകൻ നിരപരാധിയാണെന്നും തന്നെ കുടുക്കാൻ ചേംബറിൽ 40 ലക്ഷം രൂപ ആരോ നിക്ഷേപിച്ചെന്നും വിരൂപാക്ഷപ്പ ആരോപിച്ചു. റെയ്ഡിന് ശേഷം യാത്രകൾ അടക്കം നിയന്ത്രിച്ചിരിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞ് എം.എൽ.എ. പറഞ്ഞു.