ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ആഘോഷത്തിനിടെ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ചൊല്ലി സമുദായങ്ങൾ തമ്മിൽ സംഘർഷം. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു.
ക്ഷേത്രത്തിലെത്തിയ ദളിതരെ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഖാർഗോൺ ജില്ലയിലെ ഛപ്രയിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം.
ശിവക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോൾ ഉയർന്ന ജാതിക്കാർ തങ്ങളെ തടയുകയായിരുന്നുവെന്ന് ദളിത് വിഭാഗത്തിൽ ഉൾപ്പെട്ടവർ പറഞ്ഞു. ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ കല്ലേറ് ഉണ്ടായെന്നും ഇരു കൂട്ടരുടെയും പരാതിയിൽ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
പോലീസിൻ്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ഇരു കൂട്ടരും താമസിക്കുന്ന ഗ്രാമം സന്ദർശിച്ചുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ദീക്ഷിത് പറഞ്ഞു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ആർക്കും ആരെയും തടയാനാകില്ലെന്നു അദ്ദേഹം ഗ്രാമവാസികളെ അറിയിച്ചു