പേരിനു പോലും എതിരാളികളില്ല; മിന്നല്‍ പോലെ കേരളം

കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മത്സരത്തിന്റെ പിരിമുറുക്കമറിയാതെ കേരളത്തിന്റെ ജൈത്രയാത്ര. ജംപിങ് പിറ്റില്‍ നിന്ന് ലിസ്ബത്ത് കരോളിന്‍ ജോസഫ് രണ്ടാം സ്വര്‍ണം ചാടിയെടുത്ത ഇന്നലെ കേരളം മൊത്തം നേടിയത് എട്ടു സ്വര്‍ണം, ഏഴു വെള്ളി, അഞ്ചു വെങ്കലം. ആതിഥേയര്‍ക്കിപ്പോള്‍ 220 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 73 പോയിന്റില്‍. അവസാന ദിവസമായ ഇന്ന് അനായാസം ഓവറോള്‍ കിരീടമണിയാം കേരളത്തിന്. ഇപ്പോള്‍ 28 സ്വര്‍ണമാണ് കേരളത്തിനെങ്കില്‍ ഇരട്ടയക്കത്തില്‍ എത്തിയിട്ടില്ല എതിരാളികള്‍ ആരും.
നാലു ദേശീയ റെക്കോഡുകള്‍ പിറന്ന ഇന്നലെ കേരളത്തിനു പറയാന്‍ റെക്കോഡ് പ്രകടനത്തോടെ വെള്ളി നേടിയ എന്‍.പി. സംഗീതയുടെ സ്വര്‍ണനഷ്ടവുമുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ സംഗീതയും ഡല്‍ഹിയുടെ വാന്‍ഷിക സെജ്വാളും 1.69 മീറ്ററിനു പുതിയ റെക്കോഡിട്ടു. ടൈബ്രേക്കറില്‍ സ്വര്‍ണം കിട്ടിയത് ഡല്‍ഹിക്കാരിക്ക്.
ഈയിനത്തിലെ വെങ്കലവും കേരളത്തിനാണ്. 1.67 മീറ്ററിന് ടി.സി. ചേഷ്മ മൂന്നാം സ്ഥാനത്ത്. സബ് ജൂനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ഡല്‍ഹിയുടെ ദേവേഷ്, 600 മീറ്ററില്‍ മഹാരാഷ്ട്രയുടെ തായ് ബമാനെ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത ഷെറാവത്ത് എന്നിവരാണ് മറ്റ് ദേശീയ റെക്കോഡുകാര്‍.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ നേരത്തേ സ്വര്‍ണം നേടിയിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ പത്താം ക്ലാസുകാരി ലിസ്ബത്ത് കരോളിന്‍ ജോസഫ് ഇന്നലെ ഹൈജംപിലും ഒന്നാമതെത്തി; 1.65 മീറ്റര്‍ ഉയരത്തിന്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ് സ്വര്‍ണവും കേരളത്തിന്റെ കിറ്റിയില്‍.
തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സിജിഎച്ച്എസ്എസിലെ ഐറിന്‍ മറിയ ബിജു 5.08 മീറ്ററിന് സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മഹാരാഷ്ട്രയുടെ പരുലേക്കര്‍ ഷര്‍വാരി 5.05 മീറ്ററില്‍ ഒതുങ്ങി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ് സ്വര്‍ണവും കേരളത്തിന്. കോതമംഗലം മാര്‍ ബേസിലിന്റെ എം.കെ. ശ്രീനാഥ് മഹാരാഷ്ട്രയുടെ അനൂപ്കുമാര്‍ സരോജിന്റെ വെല്ലുവിളി അതിജീവിച്ചു. ശ്രീനാഥിന്റെ പ്രകടനം 6.75 മീറ്റര്‍. സരോജിന്റേത് 6.73. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ഇതേ ഗ്രൗണ്ടില്‍ സംസ്ഥാന റെക്കോഡും തിരുത്തിയിരുന്നു ഒമ്പതാം ക്ലാസുകാരന്‍ ശ്രീനാഥ്. അന്നത്തെ ദൂരം 6.97 മീറ്റര്‍. അതിലെത്താനായില്ല ഇക്കുറി.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ തോമസ് ഏബ്രഹാം (22:00.81) സ്വര്‍ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് കേരളത്തിന്റെ തന്നെ എ. അനീഷ് (22:08.95). സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സ്‌പോട്‌സ് ഹോസ്റ്റലിലെ കൂട്ടുകാരികള്‍ തമ്മിലായിരുന്നു പോരാട്ടം. ഒരു മിനിറ്റ് 02.74 സെക്കന്‍ഡില്‍ പി.ഒ. സയന ഒന്നാമത്. ഒരു മിനിറ്റ് 03.97 സെക്കന്‍ഡില്‍ അബിഗെല്‍ ആരോഗ്യനാഥന്‍ രണ്ടാമതും.
ഈ സീസണില്‍ നാലാമത്തെ ദേശീയ മെഡലാണ് സയനയുടേത്, മൂന്നാമത്തെ സ്വര്‍ണവും. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്. കുമരംപുത്തൂരിന്റെ സി. ബബിത സ്വര്‍ണവും സിഎസ്എച്ച് കാല്‍വരിമൗണ്ടിന്റെ സാന്ദ്ര എസ്. നായര്‍ വെള്ളിയും നേടി. ബബിതയുടെ സമയം 10 മിനിറ്റ് 07.41 സെക്കന്‍ഡ്. സാന്ദ്രയുടേത് 10 മിനിറ്റ് 10.16 സെക്കന്‍ഡും. 1500 മീറ്ററിലെ വെള്ളി ജേതാവുമാണ് ബബിത. 5000 മീറ്ററില്‍ പി.ആര്‍. അലീഷയ്ക്കു പിന്നില്‍ വെള്ളി നേടിയിരുന്നു നേരത്തേ സാന്ദ്ര. ഏതു മീറ്റിലും ആവേശം വിതറുന്ന 4100 റിലേകളില്‍ നിന്ന് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ഇക്കുറി കേരളത്തിനു കിട്ടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെയും ജൂനിയര്‍ പെണ്‍കുട്ടികളുടെയും മത്സരങ്ങളില്‍ നിന്നാണ് ആതിഥേയരുടെ സ്വര്‍ണങ്ങള്‍.
മഹാരാഷ്ട്രയുടെ തായ് ബമാനെ പറന്നോടി റെക്കോഡിട്ട സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ കുമരംപുത്തൂരിന്റെ സി. ചാന്ദിനിക്കാണു വെള്ളി. ഒരു മിനിറ്റ് 34.11 സെക്കന്‍ഡില്‍ തായ് ബമാനെ ഫിനിഷ് ചെയ്തപ്പോള്‍ ചാന്ദിനിയുടെ സമയം 1:38.27. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ സനല്‍ സ്‌കറിയയ്ക്കും വെള്ളിയുണ്ട്. പഞ്ചാബിന്റെ ഹര്‍പ്രീത് സിങ്ങിനാണ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. റഷീദ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ പി.ആര്‍. ഐശ്വര്യ എന്നിവരും കേരളത്തിനു വെങ്കലം സമ്മാനിച്ചു.

Top