മുസ്ലീം വനിതകള്‍ ഇന്നും അടിമകളോ…? സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലീം വനിതാ സംഘടനകള്‍ പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുനില്‍ക്കുമ്പോള്‍, മുസ്ലിം സമുദായത്തിലെ വനിതാ സംഘടനകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി മുന്നിട്ടിറങ്ങുകയാണ്. മൂന്നുപതിറ്റാണ്ടുമുമ്പ് ഷാ ബാനോ കേസ് കോടതിയില്‍ വന്നപ്പോള്‍ എതിര്‍ത്ത വനിതാ സംഘടനകള്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്.

മുത്തലാഖിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് മുസ്ലിം വ്യക്തിനിയമത്തെ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയത്. ശരിയത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തിനിയമങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍ വാദിക്കുന്നു. മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡും ഇതിന് സമാനമായ നിലപാടാണ് എടുത്തിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ മുസ്ലിം വനിതാ സംഘടനകള്‍ ഏറെ മുന്നേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഷാ ബാനോ കേസ് വന്നപ്പോള്‍ മുംബൈ ആസ്ഥാനമായുള്ള ആവാസ്-ഇ-നിസ്വാന്‍ എന്ന സംഘടന മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കായുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സംഘടനകളേറെയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടണമെന്ന കാര്യത്തില്‍ മുസ്ലിം സ്ത്രീകള്‍ ബോധവതികളാണെന്ന് ഭാരതീയ മുസ്ലിം മഹിള ആന്ദോളന്റെ നൂര്‍ജഹാന്‍ സഫിയ നാസ് പറയുന്നു.

2005-ല്‍ സ്ഥാപിതമായ മു്ലീം വനിതാ വ്യക്തിനിയമ ബോര്‍ഡും അവകാശ സംരക്ഷണത്തില്‍ മുന്‍പന്തിയിലുണ്ട്. വിശ്വാസങ്ങള്‍ നിരാകരിക്കുന്നതിനല്ല, അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡംഗം ഷയിസ്ത ആംബര്‍ പറയുന്നു. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും മതപരമായ അവകാശങ്ങളും നല്‍കാതെ വര്‍ഷങ്ങളോളം വഞ്ചിക്കപ്പെട്ട സ്തീകളെ സഹായിക്കുകയാണ് ഈ സംഘടനകളുടെയെല്ലാം ലക്ഷ്യം.

ഇസ്ലാമിക് ഫെമിനിസം മുമ്പെന്നത്തെക്കാളും ശക്തമായി ഇപ്പോള്‍ രംഗത്തുണ്ട്. ഖുറാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന തുല്യതയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് എന്‍ജിഒകള്‍ സദാ ശ്രദ്ധ പാലിക്കുന്നു. മുത്തലാഖും ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയുമുള്ള മൊഴിചൊല്ലല്‍ പോലുള്ള അനീതികളെ ചെറുക്കാന്‍ വനിതാ സംഘടനകള്‍ ജാകരൂകരായതോടെ മുസ്ലിം വനിതകള്‍ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു.

Top