തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മരണ കരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
നയന സൂര്യയുടെ ദുരൂഹ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവെന്ന് കണ്ടെത്തിയിരുന്നു. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ്. 1.5 സെന്റിമീറ്റര്‍ മുറിവിന് 31.5 സെന്റിമീറ്റര്‍ മുറിവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.
2019 ഫെബ്രുവരി 24നാണ് നയനസൂര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടതിന് തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.