കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ മകന്‍ കെ പി കൃഷ്ണ കുമാര്‍. മലായാള മനോര പത്രത്തില്‍ ഇ കെ നായനാരുടെ ചരമ ദിനത്തിലെഴുതിയ ലേഖനത്തിലാണ് പരോക്ഷ വിമര്‍ശനം.
നിലവില്‍ ശാസ്തമംഗലത്ത് താമസിക്കുന്ന കൃഷ്ണകുമാര്‍, സിപിഐഎം അംഗമാണ്. ലേഖനം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയായികഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കൃഷ്ണ കുമാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന് മക്കള്‍ രാഷ്ട്രീയത്തോടുള്ള താല്‍പ്പര്യക്കുറവ് വിനയായി. നേരത്തെ കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നയനാരുടെ മകള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ജയിക്കാനായില്ല. ഇതു കൂടി പരിഗണിച്ചാണ് കൃഷ്ണ കുമാറിന് സീറ്റ് നല്‍കാതിരുന്നത്.
പിണറായി വിജയനായിരുന്നു കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചതെന്നതും. തെരഞ്ഞെടുപ്പ് കാലത്ത് നയനാരുടെ ഭാര്യയുടെ അനുഗ്രഹം തേടിയ ശേഷമായിരുന്നു പിണറായി പ്രചരണം പോലും തുടങ്ങിയത്. അത്തരത്തില്‍ നയനാരുടെ കുടുംബത്തെ എന്നും അംഗീകരിച്ച പിണറായി വിജയന് നേരെയാണ് കൃഷ്ണകുമാറിന്റെ ഒളിയമ്പുകള്‍.
‘നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു’ എന്ന തലക്കെട്ടോടെയാണ് മനോരമയിലെ കൃഷ്ണകുമാറിന്റെ ലേഖനം. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു, ആരെയെന്ന് വ്യക്തം. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുമ്പോള്‍, വിമര്‍ശന മുന കൊള്ളുന്നത് പിണറായി സര്‍ക്കാരിന് തന്നെയാകും.
സെന്‍കുമാര്‍ കേസിലെ വിമര്‍ശനവും മുന്നോട്ടുവെക്കുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്-ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതും പിണറായി വിജയനുള്ള വിമര്‍ശനമാണ്. നായനാരുടെ വിശ്വസ്തനായിരുന്നു സെന്‍കുമാര്‍. സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയുടെ പേരിലാണ് പൊലീസ് ഡിജിപി സ്ഥാനത്ത് നിന്ന് പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയിരുന്നത്. ഇതിനെ ശക്തമായ ഭാഷയില്‍ നേരിട്ട് തന്നെ വിമര്‍ശിക്കുകയാണ് നായനാരുടെ മകന്‍.
അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാര്‍ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള നായനാരുടെ സൗഹൃദവും കൃഷ്ണകുമാര്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
ഓരോ പദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോളും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. പതിനൊന്ന് വര്‍ഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത്. ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.