വിരട്ടല്‍ വേണ്ടെന്ന് നരേന്ദ്ര മോഡിയോട് എന്‍ഡി ടിവി അവതാരകന്‍; ‘ചാനലിന്റെ അന്ത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തത്സമയ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നു’.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തത്സമയ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് എന്‍ഡി ടിവി അവതാരകന്‍ രവീഷ് കുമാര്‍. എന്‍ഡി ടിവി ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡ് വിവാദമായ സാഹചര്യത്തിലാണ് മോഡിക്കെതിരെ രവീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മാധ്യമമേഖലയില്‍ ഭയം വിതക്കുന്നത് നല്ല പ്രവണതയാണോയെന്നും രവീഷ് കുമാര്‍ ചോദിച്ചു.

മാധ്യമപ്രവര്‍ത്തകരെ എല്ലാം ജയിലില്‍ ഇടണമെന്നും സര്‍ക്കാരിന് തോന്നുംപോല കുറ്റം ചുമത്താമെന്നും എന്‍ഡി ടിവി അവതാരകന്‍ പരിഹസിച്ചു. അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്ന് എന്‍ഡിടിവി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അടിസ്ഥാന രഹിതമായ പരാതികളുടെയും പഴയ ആരോപണങ്ങളുടെയും പുറത്താണ് ഇപ്പോഴുളള റെയ്ഡ്. ഇത് മനപൂര്‍വം ഉപദ്രവിക്കുന്നതിന് വേണ്ടിയാണ്. സ്ഥാപനത്തിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും മറികടക്കുകയും രാജ്യത്തിന് വേണ്ടി നിലകൊളളുകയും ചെയ്യുമെന്നും എന്‍ഡിടിവി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യവെ അതില്‍ നിന്നും ബിജെപി നേതാവിനെ എന്‍ഡിടിവി അവതാരക ഇറക്കിവിട്ടിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ബിജെപി ദേശീയ വ്യക്താവ് സാമ്പിത് പത്രയെ എന്‍ഡിടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയത്. ഇതാകാം റെയ്ഡിലേക്ക് വഴിവെച്ചതെന്നുളള ചര്‍ച്ചകളും ഇതിനോടകം സജീവമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top