കോട്ടയം: ആവേശക്കോട്ടകെട്ടി വോട്ടുറപ്പിച്ച് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം. തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ആദ്യ ദിനം നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം കാണാൻ ആവേശത്തോടെ ഓടിയെത്തിയത്.
താമരപ്പൂക്കളും, മുദ്രാവാക്യം വിളികളും മാലകളും അടക്കം ഒരുക്കിയെത്തിയ പ്രവർത്തകരും നാട്ടുകാരും ആചാര സംരക്ഷണം ഉറപ്പിക്കാൻ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയ്ക്കു മാത്രമേ കഴിയൂ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ മുടിയൂർക്കര ഗുരുമന്ദിരത്തിൽ ഗുരുദേവനെ വണങ്ങിയാണ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണത്തിനു തുടക്കമായത്. ചെമ്മനം പടി മിൽമ്മയ്ക്ക് മുന്നിൽ എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വീട്ടമ്മമാരും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാമേഖലയിലുള്ള ഒരു പരിഛേദം തന്നെ ഓടിയെത്തിയിരുന്നു.
ഓരോ മേഖലയിലും വോട്ട് ഉറപ്പിച്ചുള്ള മുന്നേറ്റത്തിന്റെ ഭാഗമായി സംക്രാന്തിയിലും കുമാരനല്ലൂർ കവലയിലും കിഴക്കേനടയിലും കൊച്ചാലുമ്മൂട്ടിലും വലിയാലുംചുവട്ടിലും പുല്ലരിക്കുന്നിലും വാരിശേരിയിലും ചുങ്കത്തും എസ്.എൻ.ഡി.പി ജംഗ്ഷനിലും പടിഞ്ഞാറേക്കര ജംഗ്ഷനിലും പുല്ലരിക്കുന്ന് പള്ളിയ്ക്കും സമീപത്തും എസ്.എച്ച് മൗണ്ട് വെയർ ഹൗസിലുമായിരുന്നു സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനം.
ഓരോ വേദിയിലും ഓടിയെത്തിയ നൂറുകണക്കിന് ആളുകൾക്കു മുന്നിൽ കാര്യ കാരണങ്ങൾ നിരത്തി മിനർവ മോഹന്റെ ചെറു പ്രസംഗം. തുടർന്നു നട്ടാശേരി ചവിട്ടുവരിഭാഗത്തു കൂടി പൂവത്തുമാലി, പുത്തേട്ട് കവല, മാവേലിപ്പടി, വായനശാല, പള്ളിപ്പുറം, മാമ്മൂട് , കുഴിയാലിപ്പടി , അർത്തിയാകുളം വെള്ളൂപ്പറമ്പ് വഴി വിജയപുരം പഞ്ചായത്തിലേയ്ക്കു പ്രചാരണം കടന്നു. മോസ്‌കോ ചീനിക്കുഴി, കൊശമറ്റം കോളനി, കൊശമറ്റം കവല എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.
അയോധ്യാനഗർ, വട്ടമൂട് പാലം, വാട്ടർ സപ്ലൈ റോഡ്, ശാസ്താക്ഷേത്രം ചായക്കടപടി എന്നിവിടങ്ങളിൽ തകർന്നു കിടക്കുന്ന റോഡുകൾ ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥി തന്നെ വികസനമുരടിപ്പിന്റെ ഉദാഹരണങ്ങൾ നിരത്തി. കളത്തിപ്പടി, ഞാറയ്ക്കൽ, ശാന്തിഗ്രാം, വടവാതൂർ, ഇ.എസ്.ഐ ജംഗ്ഷൻ, പടച്ചിറ, ആനത്താനം, പുതുശേരി,നടുപ്പറമ്പ് , താമരശേരി എന്നിവിടങ്ങൾ വഴി മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.