ന്യൂഡല്‍ഹി: ടൈംസ് നൗവില്‍ നിന്ന് രാജിവച്ച് റിപ്പബ്ലിക്ക് ചാനലുമായി എത്തുന്ന അര്‍ണാബ് ഗോസ്വാമിയ്ക്ക് പിന്തുണ നല്‍കുന്നത് ഏഷ്യനെറ്റും ബിജെപി എംപി രാജീവ് ചന്ദ്രശേഖരനും. 2006 മുതല്‍ കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍, കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ്.
നവംബറിലാണ് അര്‍ണബ് ടൈംസ് നൗ വിട്ടത്. പുതിയ ചാനലുമായി രംഗത്തുവരുമെന്ന് പ്രഖ്യാപിച്ച അര്‍ണബ്, റിപ്പബ്ലിക്ക് എന്നാകും പുതിയ ചാനലിന്റെ പേരെന്നും വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കിന് പിന്നില്‍ ആരൊക്കെയാണെന്ന കാര്യമാണ് ഇതേവരെ വെളിപ്പെടാതിരുന്നത്. എ.ആര്‍.ജി. ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായാണ് റിപ്പബ്ലിക് ചാനല്‍ വരുന്നത്. അര്‍ണബാണ് എ.ആര്‍.ജിയുടെ മാനേജിങ് ഡയറക്ടര്‍. നവംബര്‍ 18ന് ടൈംസ് നൗ വിട്ട അര്‍ണബ്, പിറ്റേന്ന് എം.ഡി. സ്ഥാനം സ്വീകരിച്ചു
രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡും അര്‍ണബിന്റെ സാര്‍ഗ മീഡിയ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡുമാണ് എ.ആര്‍.ജി.ഔട്ട്ലിയറിലെ പ്രധാന നിക്ഷേപകര്‍. 30 കോടിയിലേറെ രൂപയാണ് പുതിയ സംരംഭത്തില്‍ രാജീവ് നിക്ഷേപിച്ചിരിക്കുന്നത്. അര്‍ണബും ഭാര്യ സാമ്യബ്രത റായ് ഗോസ്വാമിയുമാണ് സാര്‍ഗിന്റെ ഡയറക്ടര്‍മാര്‍. 14 നിക്ഷേപകര്‍കൂടി എ.ആര്‍.ജി. ഔട്ട്ലിയറിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ അര്‍ണബിന്റെ വിഹിതം 26 കോടി രൂപയാണ്.
സാര്‍ഗിലെ ഏറ്റവും വലിയ നിക്ഷേപം ആരിന്‍ കാപ്പിറ്റല്‍സ് പാര്‍ട്ണേര്‍സിലെ രഞ്ജന്‍ രാംദാസ് പൈയുടെയും മോഹന്‍ദാസ് പൈയുടെയും പേരിലാണ്. ഏഴരക്കോടി രൂപയാണ് ഇവരുടെ മുതല്‍മുടക്ക്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയായ രമാകാന്ത പാണ്ഡെ അഞ്ചുകോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കിന്റെ പ്രധാന നിക്ഷേപകനായി മാറുന്നതോടെ, രാജീവ് ചന്ദ്രശേഖറിന്റെ മാദ്ധ്യമ സാമ്രാജ്യം ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസും കര്‍ണാടകത്തിലെ സുവര്‍ണയും കന്നഡ പ്രഭയും രാജീവിന്റേതാണ്.