![](https://dailyindianherald.com/wp-content/uploads/2016/05/bjp-1.jpg)
സ്വന്തം ലേഖകൻ
പാലക്കാട്: കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്ത ചടങ്ങുകളിൽ ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കം പങ്കെടുത്ത പിന്നാക്കക്കാർക്കു അയിത്തം കൽപ്പിച്ചതായി ആരോപിച്ചു എസ്എൻഡിപി നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനു പരാതി അയച്ചു. പരമ്പരാഗത ബിജെപിക്കാരായ ബ്രാഹ്മണർക്കും, നായൻമാർ അടക്കമുള്ള വിഭാഗങ്ങൾക്കും മുൻനിരയിൽ വിഐപി പാസുകളോടെ കസേര അനുവദിച്ചപ്പോൾ എസ്എൻഡിപി വിഭാഗക്കാർക്കും ആദിവാസികൾക്കും സീറ്റ് അനുവദിച്ചില്ലെന്നാണ് ആരോപണം. നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം ബിഡിജെഎസിന്റെ പതാക ഉയർത്താൻ അനുവദിച്ചില്ലെന്നും പരാതിയിൽ ഉന്നയിക്കുന്നു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പത്തിലേറെ യോഗങ്ങളിലാണ് സംസ്ഥാനത്ത് മോദി പങ്കെടുത്തത്. എന്നാൽ, പങ്കെടുത്ത യോഗങ്ങളിലെല്ലാം കൃത്യമായ വിവേചനം ബിഡിജെഎസ് – ബിജെപി പ്രവർത്തകർക്കുണ്ടായിരുന്നതായാണ് എസ്എൻഡിപി നേതൃത്വം ആരോപിക്കുന്നത്. മുൻ നിരയിൽ നൂറിലേറെ കസേരയിട്ടെങ്കിലും, എസ്എൻഡിപിയുടെ പ്രവർത്തകർക്കു ഇരിപ്പിടം നൽകാൻ തയ്യാറായിട്ടില്ലെന്നാണ് പരാതി. മുൻ നിരയിലെ വിവിഐപി പാസുകളെല്ലാം ബിജെപി പ്രവർത്തകർ സ്വന്തം നിലയിൽ വിതരണം ചെയ്യുകയായിരുന്നു. ആദിവാസി വിഭാഗങ്ങളെ പൂർണമായും മുൻ നിരയിൽ നിന്നും ഒഴിവാക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതേ തുടർന്നാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾക്കെതിരെ എസ്എൻഡിപി നേതൃത്വം പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പലയിടത്തും ബിജെപിയുടെ പരമ്പരാഗത പ്രവർത്തകർക്കു സീറ്റ് നീക്കി വച്ചത്് പ്രതിഷേധം ഒഴിവാക്കാനായാണെന്നു ബിജെപി സംസ്ഥാന നേതാവ് രഹസ്യമായി ഡിഐഎച്ച് ന്യൂസിനോടു വെളിപ്പെടുത്തി. ഇത്തരത്തിൽ പരമ്പരാഗത ബിജെപി പ്രവർത്തകർ ബിഡെജിഎസിനോടൊപ്പം വേദി പങ്കിടുന്നതിൽ എതിർപ്പുള്ളവരാണ്. ഇവർക്കു പ്രത്യേകം സീറ്റ് നൽകിയില്ലെങ്കിൽ പ്രതിഷേധവുമായി ഇവർ രംഗത്തെത്തുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കായി നൂറിലേറെ സീറ്റുകൾ മാറ്റി വച്ചതെന്നാണ്് ഇവർ വിശദീകരിക്കുന്നത്.