![](https://dailyindianherald.com/wp-content/uploads/2016/05/bjp-kerala.jpg)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 38 നിയോജക മണ്ഡലങ്ങളിൽ ഏതെങ്കിലും മുന്നണിയെ പരാജയപ്പെടുത്താനുളള കരുത്തു നേടിയ ബിജെപി കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തമായി മാറുന്നു. തിരുവനന്തപുരം തൃശൂർ കാസർകോട് ജില്ലകളിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ട് സ്വന്തമായുള്ള ബിജെപി ബിഡിജെഎസ് കൂടി ഒപ്പം ചേരുന്നതോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ നിർണായക ശക്തമായി മാറുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, പാറശാല, നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട് മണ്ഡലങ്ങളിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരം കാസർകോട് ഉദുമ നിയോജക മണ്ഡലങ്ങളിലാണ് ബിജെപി സഖ്യം ശക്തമായ മത്സരം കാഴ്ച വച്ച് മുന്നണികൾക്കു ഭീഷണി ഉയർത്തുന്നത്. കോൺഗ്രസ് – സിപിഎം വോട്ട് കച്ചവടം നടന്നില്ലെങ്കിൽ ഇക്കുറി കേരളത്തിൽ താമര വിരിയും.
കാസർകോട് നാലിൽ രണ്ട്
ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജില്ലകളിൽ ഒന്നാണ് കാസർകോട്. നാലു നിയോജക മണ്ഡലങ്ങൾ മാത്രമുള്ള ഇവിടെ രണ്ടിടത്തും ബിജെപിക്കു നാൽപതിനായിരത്തിലധികം വോട്ട് നിലവിലുണ്ട്. പാർലമെന്റ്് തിരഞ്ഞെടുപ്പിൽ ഈ രണ്ടു നിയോജക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളായിരുന്നു രണ്ടാം സ്ഥാനത്ത്. ഈ ആത്മവിശ്വാസത്തിന്റെ ചിറകിലേറെയാണ് ഇക്കുറി ബിജെപി കാസർകോട് മത്സരിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 46631 വോട്ട് നേടിയ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഇക്കുറി, ബിഡിജഎസ് നേതാവും പ്രവാസി വ്യവസായിയുമായ എം.പി രാഘവനാണ് മത്സരിക്കുന്നത്. സിറ്റിങ് സീറ്റായ ഇവിടെ സിപിഐയുടെ ഇ.ചന്ദ്രശേഖരാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ ധന്യ സുരേഷാണ് ഇവിടെ യുഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 41236 വോട്ട് നേടിയ ബിജെപി കാസർകോട് മണ്ഡലത്തിൽ രവീശ തന്ത്രികളെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. മുസ്ലീം ലീഗിലെ സിറ്റിങ് എംഎൽഎ എൻ.എ നെല്ലിക്കുന്നും, ഇടതു മുന്നണിയിലെ ഡോ.എ.എ അമീനുമാണ് ഇവിടെ എതിരാളികൾ.
തിരുവനന്തപുരം പറയുന്നു; ഇക്കുറി താമര വിരിയും
തലസ്ഥാന ജില്ലയിലെ 14 ൽ ഏഴിടത്തും ത്രികോണ മത്സരത്തിന്റെ കളം മുറുക്കിത്തന്നെയാണ് ബിജെപി സ്ഥാനാർഥികൾ താമരക്കാറ്റ് ആഞ്ഞു വീശുന്നത്. സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന വട്ടിയൂർക്കാവ് തന്നെ ബിജെപിയുടെ പ്രധാന തുറുപ്പ് കേന്ദ്രം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 43,589 വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തിയ ഇവിടെ, സംസ്ഥാന അധ്യക്ഷൻ തന്നെ പോരിനിറങ്ങുമ്പോൾ വിജയം സുനിശ്ചിതമെന്നു ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. സിറ്റിങ് എംഎൽഎ കെ.മുരളീധരനും, സിപിഎമ്മിലെ ഡോ.ടി.എൻ സീമയുമാണ് എതിരാളികൾ. 41829 വോട്ട് കൈവശമുള്ള കഴക്കൂട്ടത്ത് മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനെ നേരിടുന്നത് സിറ്റിങ് എംഎൽഎ എം.എ വാഹിദും, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനുമാണ്. നിരന്തരം തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെടുന്ന ഒ.രാജഗോപാലിനെ സിറ്റിങ് എംഎഎൽഎ വി.ശിവൻകുട്ടിയ്‌ക്കെതിരെ ബിജെപി രംഗത്തിറക്കിയിരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കു അൻപതിനായിരത്തിലധികം വോട്ട് നൽകിയ ഏക നിയോജക മണ്ഡലമായ നേമത്ത്, കേരള കോൺഗ്രസിൽ നിന്നു കാലുമാറിയെത്തിയ വി.സുരേന്ദ്രൻപിള്ളയാണ് യുഡിഎഫ് സ്ഥാനാർഥി.
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കാനിറങ്ങുമ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവനും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നേടിയ 40835 വോട്ടിലാണ്. ബിഡിജെഎസ് കൂടി ഇത്തവണ ഒപ്പമെത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥി മന്ത്രി വി.എസ് ശിവകുമാറിനെയും, ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സര രംഗത്തിറങ്ങുന്ന ആന്റണി രാജുവിനെയും അട്ടിമറിക്കാനാവുമെന്ന പ്രതീക്ഷ തന്നെയാണ് ബിജെപി പ്രവർത്തകർക്കു കരുത്തു നൽകുന്ന ഘടകം.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 39,860 വോട്ട് നേടിയ നെയ്യാറ്റിൻകരയിൽ ഒബിസി മോർച്ചാ സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രനെ ഇറക്കി പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുറപ്പിച്ചു വിജയിക്കാനാണ് ബിജെപി ശ്രമം. സിറ്റിങ് എംഎൽഎ ആർ ശെൽവരാജും, സിപിഎം നേതാവ് കെ.ആലസനുമാണ് ഇവിടെ എതിരാളികൾ. പാർലമെന്റിൽ 39,753 വോട്ട് ബിജെപിക്കു നൽകിയ പാറശാലയിൽ സിറ്റിങ്് എംഎൽഎ എ.ടി ജോർജിനെ നേരിടാൻ ബിജെപി ദേശീയ കൗൺസിൽ അംഗം കരമന ജയനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. സി.കെ നീലകണ്ഠനാണ് സിപിഎം സ്ഥാനാർഥി ഇവിടെ. പതിനയ്യായിരത്തിൽ താഴെ വോട്ട് മാത്രമേ കൈവശമുള്ളുവെങ്കിലും നെടുമങ്ങാടും ബിജെപി കുതിച്ചു കയറാമെന്ന പ്രതീക്ഷയിലാണ്. ഇവിയെ സി.ദിവാകരനെയും, സിറ്റിങ് എംഎൽഎ പാലോട് രവിയെയും നേരിടുന്നത് ബിജെപിയിലെ യുവരക്തം വി.വി രാജേഷാണ്.
കേരളം പിടിക്കാൻ പടയോട്ടം
പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളായ അടൂരിലും, ആറന്മുളയിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ചെങ്ങന്നൂർ മാവേലിക്കര മണ്ഡലങ്ങളിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. അടൂരിൽ സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാറിനെ നേരിടാൻ യുവ രക്തം പി.സുധീറും, കെ.കെ ഷാജുവുമാണ് എതിരാളികൾ. ആറന്മുളയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശാണ്. വീണാ ജോർജ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന ഇവിടെ, യുഡിഎഫ് സ്ഥാനാർഥി കെ.ശിവദാസൻ നായരാണ് സിറ്റിങ് എംഎൽഎ.
പി.എസ് ശ്രീധരൻപിള്ള മത്സരിക്കുന്ന ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ പി.സി വിഷ്ണുനാഥും, സിപിഎം സ്ഥാനാർഥി കെ.കെ രാമചന്ദ്രൻമാസ്റ്ററുമാണ് മുഖ്യഎതിരാളികൾ. ഇവിടെ മുൻ എം.എഎ ശോഭന ജോർജ് കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. മാവേലിക്കരയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധനാണ് മത്സരിക്കുന്നത്. ഇവിടെ സിറ്റിങ് എംഎൽഎ ആർ.രാജേഷും, യുഡിഎഫിലെ ബൈജു കലാശാലയുമാണ് എതിരാളികൾ.
ബിഡിജെഎസിന്റെ ശക്തികേന്ദ്രമായ കുട്ടനാട് സിറ്റിങ് എംഎൽഎ എൻസിപിയിലെ തോമസ് ചാണ്ടിയെയും, കേരള കോൺഗ്രസ് എമ്മിലെ അഡ്വ.ജേക്കബ് എബ്രഹാമിനെയും നേരിടുന്നത് എൻഡിഎ നേതാവ് സുഭാഷ് വാസുവാണ്. എസ്എൻഡിപിക്കു നിർണായക ശക്തിയായി മാറുന്ന മണ്ഡലത്തിൽ പുഷ്പം പോലെ വിജയിച്ചു കയറാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ എസ്എൻഡപി യൂണിയൻ പ്രസിഡന്റ് എ.ജി തങ്കപ്പൻ നേരിടുന്നത് സിറ്റിങ് എംഎൽഎ സുരേഷ് കുറുപ്പിനെയും, മുൻ എംഎൽഎ കേരള കോൺഗ്രസിലെ തോമസ് ചാഴികാടനെയുമാണ്. ഇവിടെ രണ്ടു മുന്നണികൾക്കും ബിജെപി – എൻഡിഎ സഖ്യം ഭീഷണി തന്നെയാണ.് കെപിഎംഎസ് നേതാവ് നീലകണ്ഠൻ മാസ്റ്റർ മത്സരിക്കുന്ന വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐയിലെ സി.കെ ആശയും, യുഡിഎഫിലെ എ.സനീഷ്‌കുമാറുമാണ് മത്സര രംഗത്തുള്ളത്. പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണിയെ നേരിടുന്ന ബിജെപി ജില്ലാ സെക്രട്ടറി എൻ.ഹരി ഇരു മുന്നണികൾക്കും ഒരു പോലെ ഭീഷണി ഉയർത്തുന്നു. എൻസിപി നേതാവ് മാണി സി.കാപ്പനാണ് ഇവിടെ ഇടതു സ്ഥാനാർഥി.
സംസ്ഥാനത്ത് ബിജെപിക്കു എല്ലാ നിയോജക മണ്ഡലത്തിലും 15000 വോട്ടിനു മുകളിൽ ലഭിച്ചിട്ടുള്ള തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കയ്പമംഗലം, നാട്ടിക, തൃശൂർ, ഒല്ലൂർ, മണലൂർ, ഗുരുവായൂർ, കുന്നംകുളം, ചേലക്കര എന്നിവിടങ്ങിലും യുഡിഎഫിനും – എൽഡിഎഫിനും കനത്ത വെല്ലുവിളിയാണ് എൻഡിഎ ഉയർത്തുന്നത്. ശോഭാ സുരേന്ദ്രൻ നേരിട്ടു മത്സര രംഗത്തിറങ്ങിയിരിക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ഷാഫി പറമ്പിലിനും, സിപിഎം സ്ഥാനാർഥി എൻ.എൻ കൃഷ്ണദാസിനും ബിജെപി – എൻഡിഎ സഖ്യം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.