ജിഹാദികളാകാനാകില്ല; ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഡിഎന്‍എ ഹിന്ദുക്കളുടേത്

ഇന്ത്യയിലെ മുസ്‌ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അവര്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ള ഭരണാധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്‍. വിഎച്ച്പിയും ബജ്‌റംഗദളും കര്‍ണാടകയില്‍ സിദ്ധാപുരത്ത് സംഘടിപ്പിച്ച ഹിന്ദുസമാജോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഒരു മുസ്‌ലിമിനും ജിഹാദിയാകാനാകില്ലെന്നും കാരണം അവരുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും ഹിന്ദുക്കളായിരുന്നെന്നും പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചതാണെന്നും അവരുടെ ഡിഎന്‍എ പരിശോധന വഴി തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഗോറിയും ഗസ്നിയും ആദ്യം ഹിന്ദുക്കളായിരുന്നു. ഭീഷണിപ്പെടുത്തിയും വശീകരിച്ചും പിന്നീട് അവര്‍ മതം മാറിയതാണ് – ജയിന്‍ പറഞ്ഞു.
ഇസ്‌ലാം മതവിശ്വാസപ്രകാരം ജീവിക്കുന്നവരെ സംബന്ധിച്ച് മൈസൂര്‍ ഭരണാധികാരികളായ ഹൈദരാലിയും ടിപ്പു സുല്‍ത്താനും അനുകരണീയരായ മാതൃകകളല്ലെന്നും സുരേന്ദ്രകുമാര്‍ ജയിന്‍ അവകാശപ്പെടുന്നു. കാരണം, ടിപ്പുവും ഹൈദരാലിയും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റം നടത്തിയവരാണ്, നിരപരാധികളെ കൊന്നൊടുക്കിയവരാണ്, അമ്പലങ്ങളെ കൊള്ളയടിക്കുകയും ഇല്ലാതാക്കുകയും ചെയ്തവരാണ്. എ പി ജെ അബ്ദുല്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്‌ലീംകള്‍ മാതൃകയാക്കേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദുക്കള്‍ തങ്ങളുടെ മതത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നായിരുന്നു ചടങ്ങില്‍ ബജ്രംഗദളിന്റെ ആന്ധ്ര, കര്‍ണാടക, തെലുങ്കാന മേഖലാ കണ്‍വീനര്‍ സൂര്യനാരായണന്റെ ആഹ്വാനം. വിഎച്ച്പി ദക്ഷിണ മേഖലാ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. എം ബി പുരാണിക്ക്, മറ്റൊരു വിഎച്ച്പി നേതാവായ നനുമന്ദ വേണു മച്ചയ്യ, ആര്‍എസ്എസ് സംഘചാലക് മണി കരൈപ്പ, അര്‍മേറി കാലഞ്ചേരി മഠാധിപതി ശാന്തമല്ലികാര്‍ജുന സ്വാമി, എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

Top