സൗദി അറേബ്യ: . സൗദിയിലെ പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിലെത്തി അഭിനന്ദന്‍ മീശ വച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കൊമ്പന്‍ മീശയുമായി സധൈര്യം പാക്ക് സേനയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും നേരത്തെ ട്രെന്‍ഡായി മാറിയതിന് പിന്നാലെയാണ് കൗതുകകരമായ പുത്തന്‍ വാര്‍ത്ത വരുന്നത്.
ഇന്ത്യയില്‍ ഞൊടിയിയില്‍ പടര്‍ന്ന കൊമ്പന്‍ മീശ തരംഗം വൈകാതെ തന്നെ പ്രവാസികള്‍ക്കിടയിലും വ്യാപിച്ചുവെന്നതും ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. സൗദിയിലെ മലയാളി യുവാക്കള്‍ പാക്കിസ്ഥാനിയുടെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വയ്ച്ചത് പ്രവാസികള്‍ക്കിടയിലുള്ള ഇന്ത്യാ-പാക്ക് സൗഹൃദം കൂടിയാണ് കാട്ടിത്തരുന്നത്. അഭിനന്ദനന്‍ സ്‌റ്റൈല്‍ മീശ വച്ചെ യുവാക്കള്‍ക്ക് ഒരാഗ്രഹം കൂടിയുണ്ട്. ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാക്കിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്.
1819 കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പൊലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വെയ്ക്കുന്നത്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢ നിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിങര്‍ എന്നാണ് വിശേഷിപ്പിക്കാറ്. ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിനുസമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുന്‍പ് നടത്തിയിട്ടുണ്ട്.
ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബാര്‍ബര്‍ ഷോപ്പുകളില്‍ പലയിടത്തും ഇപ്പോള്‍ ഈ മീശ വെയ്ക്കാന്‍ തിരക്കാണ്. സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സമൂഹ മാധ്യമത്തില്‍ ഏവരും വ്യക്തമാക്കുന്നത്.