ന്യൂഡല്‍ഹി: എന്‍ഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് പിന്‍വലിച്ച നടപടിയില്‍ നിന്നും താല്‍ക്കാലികമായി സര്‍ക്കാര്‍ മരവിപ്പിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിലക്കിനെതിരെ എന്‍ഡിടിവി സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് സര്‍ക്കാര്‍ തല്‍ക്കാലം പിന്‍വാങ്ങിയത്.
വ്യാഴാഴ്ച്ച ചാനല്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദ്ദേശം. ചാനലിന്റെ അഭ്യര്‍ത്ഥന പ്രകരമാണ് നടപടി തല്‍ക്കാലത്തേക്ക് തടഞ്ഞത്. അതേസമയം സുപ്രീംകോടതിയില്‍ നിന്നും കേന്ദ്രത്തിന് തിരിച്ചടിയേല്‍ക്കുമോ എന്ന ഭയവും ഇപ്പോഴത്തെ തീരുമാനത്തിന് ഇടയാക്കിയെന്നാണ് പുറത്തുവരുന്ന സൂചന. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്തെ എന്‍ഡിടിവി ഇന്ത്യ ചാനലിന്റെ കവറേജിനെതിരായാണ് വാര്‍ത്താ വിനിമയ മന്ത്രാലയം നടപടിക്ക് ഒരുങ്ങിയത്. ചാനലിന്റെ പത്താന്‍കോട്ട് കവറേജ് സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
ചാനലിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍ഡിടിവി അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണവും എന്‍ഡിടിവി തള്ളി. മറ്റ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു.
വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ചാനല്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കം അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എന്‍ഡിടിവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എന്‍ഡിടിവി ഇന്ത്യക്കൊപ്പം ഓഫ്ലൈനാകുമെന്ന് ജന്‍താ കാ റിപ്പോര്‍ട്ടറും ഇന്ത്യ റെസിസ്റ്റും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ വിലക്കിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവും സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചു നേരത്തെ രംഗത്തുവന്നിരുന്നു. കേന്ദ്രനടപടി നിയമവിരുദ്ധമാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്. തത്സമയസംപ്രേഷണത്തിന്റെ പേരിലാണ് ചാനലിനെതിരെ നടപടിയെന്നും റിപ്പോര്‍ട്ടിങ്ങിന്റെ പേരിലല്ലെന്നും കട്ജു ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍നടപടി നിയമവിരുദ്ധമാണ് കട്ജു പറയുകയുണ്ടായി. എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം നിരോധനത്തിനെതിരെ രംഗത്തുവന്നിരുന്നു.
എന്‍ഡിടിവിക്കെതിരായ വിലക്ക് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. മറ്റു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായി ഒന്നും എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് തങ്ങള്‍ക്കുള്ള അധികാരം ഉറപ്പിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ശ്രമത്തിന്റെ ഭാഗമാണിത്. വിലക്ക് ഉത്തരവ് എത്രയും വേഗം പിന്‍വലിക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടിരുന്നു.