പത്തനംതിട്ട: അടൂരില്‍ ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. മാലപൊട്ടിക്കാന്‍ കൂട്ടാളിയായിരുന്ന യുവാവിന്റെ കാമുകിയെ പോലീസ് മോഷണ ദിവസം തന്നെ പിടിയിലായിരുന്നു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി അന്‍വര്‍ ഷായാണ് പിടിയിലായത്. കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് സ്വദേശിനി സരിതയെ സംഭവം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു.
പതിനാലാം മൈലില്‍ കട നടത്തുന്ന തങ്കപ്പന്റെ മാലയാണ് ബൈക്കിലെത്തി അന്‍വര്‍ ഷായും സരിതയും പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. തങ്കപ്പന്‍ മാലയില്‍ ബലമായി പിടിച്ചതോടെ പ്രതികളുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു വച്ച് പൊലീസിനു കൈമാറുകയായിരുന്നു. സരിതയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകന്‍ അന്‍വര്‍ ഷായാണ് ഒപ്പമുണ്ടായിരുന്നതെന്ന് വ്യക്തമായത്. പ്രതിക്കായി രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി കറ്റാനത്തെ ഒളിവിടത്തില്‍ പൊലീസെത്തിയെങ്കിലും പ്രതി ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.