കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ സിനിമാ താരം നീരജ് മാധവ്. യുവതാരം നീരജ് മാധവ് ബിജെപി അനുഭാവിയാണെന്ന രീതിയിലാണ് ബിജെപി തങ്ങളുടെ പോസ്റ്ററില്‍ യുവതാരത്തിന്റ ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താന്‍ ഇപ്പോള്‍ ഒരു രാഷട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും നീരജ് വ്യക്തമാക്കി.
എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന് നീരജ് പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ധീരജിനെ ഉയര്‍ത്തിക്കാട്ടി പ്രചരണം ആരംഭിച്ചിരുന്നത്. എന്നാല്‍ ലോഗോ പ്രകാശനത്തിനു തന്നെ ക്ഷണിച്ചതു കൊണ്ടാണ് പോയതെന്നും കേവലം ഒരു ചടങ്ങ് മാത്രമായിരുന്നു അതെന്നും നീരജ് പറയുന്നു.
ഇത്തരം ചടങ്ങുകളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ പരിപാടി നടത്തുന്ന രാഷട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല പങ്കെടുക്കുന്നതെന്നുമാണ് നീരജിന്റെ വിശദീകരണം. മറ്റു പാര്‍ട്ടികളുടെ ചടങ്ങുകളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും നീരജ് പറയുന്നു. താന്‍ ബിജെപി പ്രവര്‍ത്തകനല്ലെന്ന് മനസ്സിലാക്കിയതിന് അവരോട് നന്ദിയുണ്ടെന്നും നീരജ് പറയുന്നു.
ഇപ്പോള്‍ തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിമാത്രമാണെന്നും ‘പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ എന്നുമാണ് നീരജിന് പറയാനുള്ളത്. എന്തായാലും തങ്ങളോട് ഒരു അനുഭാവവുമില്ലാത്തവരെപ്പോലും തങ്ങളുടെ സഹയാത്രികരാക്കിമാറ്റുന്ന പ്രചരണ രീതിയാണ് ബിജെപിയുടേതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വിമര്‍ശനവും ശക്തമാണ്.