തൃശൂര്‍: വിദ്യാര്‍ത്ഥി ഐക്യത്തിനു മുന്നില്‍ ഒരിക്കല്‍കൂടി പാമ്പാടി നെഹ്റു കോളജ് മാനേജ്മെന്റ് മുട്ടു മടക്കി. ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ വൈസ്പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പുറത്താക്കാന്‍ കോളജ് മാനേജ്മെന്റ് തയാറായി. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് മുദ്രപത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു.
കോളജ് തുറക്കാനായി ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടാന്‍ മാനേജ്‌മെന്റ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങിയിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളായവരെ പുറത്താക്കുമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ക്‌ളാസുകള്‍ ബഹിഷ്‌കരിച്ച് കോളജിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു.
നെഹ്രൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ കോളജില്‍ കയറ്റില്ലെന്നും കൃഷ്ണദാസിനെ മാറ്റി സഹോദരന്‍ പി. കൃഷ്ണകുമാറിന് കോളജിന്റെ ചുമതല നല്‍കാനുമായിരുന്നു ഒത്തുതീര്‍പ്പ് കരാര്‍. അതിന് ശേഷം ആദ്യമായി കൃഷ്ണകുമാര്‍ ഇന്ന് കോളജിലെത്തിയപ്പോള്‍ കരാറില്‍ ഒപ്പിടണമെന്നും ആരോപണ വിധേയരെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്