ആറ്റിങ്ങല്‍: ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ചുമാറ്റി അയല്‍വാസികള്‍ വഴിവെട്ടി. ആറ്റിങ്ങല്‍ തൊപ്പിചന്തയിലെ ആര്‍ ലീലയും മകള്‍ ലിജിയും വീട്ടു സാധനങ്ങളും മറ്റും വെച്ചിരുന്ന ഷെഡാണ് അയല്‍വാസികളായ സജീവും ജോണിയും ചേര്‍ന്ന് പൊളിച്ചുമാറ്റിയത്. ഇവരുടെ നാല് സെന്റ് സ്ഥലത്തിലൂടെ മൂന്ന് മീറ്റര്‍ വഴിവെട്ടാനാണ് സജീവും ജോണിയും ചേര്‍ന്ന് സ്ഥലത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് ലിജി ആര്‍ പറഞ്ഞു.
പഞ്ചായത്തില്‍ നിന്നും വീട് വെക്കാന്‍ തുക അനുവദിച്ചു കിട്ടിയതിനാല്‍ വീട്ട് സാധനങ്ങളൊക്കെ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് സൂക്ഷിച്ചുവച്ചിരുന്നതെന്നും ഇവയെല്ലാം തകര്‍ത്തുകളഞ്ഞെന്നും ലിജി പറഞ്ഞു. തങ്ങളുടെ സ്ഥലത്തിലൂടെയാണ് മൂന്ന് മീറ്റര്‍ വഴി ജോണിയും സജീവും ചേര്‍ന്ന് അന്യായമായി വെട്ടിയത്. പരസ്യമായി വൈകുന്നേരം മൂന്ന് മണിയോടെ സ്ഥലത്തെത്തിയാണ് അയല്‍വാസികള്‍ തന്നെ ഈ ദ്രോഹം ചെയ്തത്. തങ്ങള്‍ വഴി തടയുന്നു എന്നാണ് അവരുടെ ആരോപണം എന്നും ലിജി പറഞ്ഞു.
ബലമായി വഴിവെട്ടാന്‍ എത്തിയ സജീവിന്റെ കാറിന് മുന്നില്‍ വഴി തടഞ്ഞ് നിന്ന തന്നെ അവര്‍ അസഭ്യം പറഞ്ഞുവെന്ന് ലിജി പറഞ്ഞു. തങ്ങള്‍ വര്‍ഷങ്ങളായി കരം അടച്ചു കൊണ്ടിരിക്കുന്ന സ്ഥലം കയ്യേറിയാണ് അയല്‍വാസികള്‍ വഴി വെട്ടിയതെന്നും ലിജി കൂട്ടിച്ചേര്‍ത്തു. ദളിത് കുടുംബത്തിനെതിരായ പരസ്യമായ അക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കോടതിയില്‍ നിന്നും സജീവ് ഇന്‍ഞ്ചക്ഷന്‍ ഒാര്‍ഡര്‍ വാങ്ങിയതിനാല്‍ സ്വന്തം സ്ഥലത്ത് കാലുകുത്താന്‍ കഴിയാത്ത സ്ഥിതിയാണ് തങ്ങള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി കടയ്ക്കാവ് പൊലീസ് അറിയിച്ചു.