ലോക്കപ്പിൽ ചെന്താമര ആദ്യം ചോദിച്ചത് ചിക്കനും ചോറും.ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നു; ചെന്താമരയെ തൂക്കിക്കൊല്ലണം.കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോൾ ആവശ്യപ്പെട്ടത് ചിക്കനും ചോറും. പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. പ്രതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഭയത്തോടെയാണ് ജീവിക്കുന്നതെന്നും മക്കള്‍ പറഞ്ഞു.എല്ലാം പോയില്ലേ. ഞങ്ങള്‍ക്കിനി ആരുമില്ല. ഒന്ന് കൊന്നു തരുമോ അയാളെ. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വിട്ടു കൊടുക്കു. ഇനിയും അയാളെ സംരക്ഷിച്ചു വെക്കണ്ട. കൊന്നാല്‍ മതി – മക്കള്‍ പറയുന്നു. ഇനിയും അയാള്‍ കൊല്ലും എന്ന് തന്നെയാണ് പറയുന്നത്. ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നുണ്ട്. അയാള്‍ക്ക് തൂക്ക് കയര്‍ കിട്ടുമെന്നൊന്നും തോന്നുന്നില്ല. നാല് കൊല്ലം കഴിയുമ്പോള്‍ പുറത്ത് വന്ന് പിന്നെയും ആരെയെങ്കിലും കൊന്നുകൊണ്ടിരിക്കും – സുധാകരന്റെ മക്കള്‍ പറയുന്നു.

സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചെന്താമര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയിൽ വ്യക്തമായി. ഇപ്പോൾ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞെട്ടിക്കുന്ന വിവരങ്ങളാണ് ചെന്താമര പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. 5 പേരെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടത്. ഭാര്യയെ കൊല്ലാനായിരുന്നു ആദ്യലക്ഷ്യമെങ്കിലും ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ചെന്താമരക്ക് സാധിച്ചില്ല. തുടര്‍‌ന്നാണ് ശ്രദ്ധ സുധാകരനിലേക്ക് എത്തിയത്. സുധാകരനെയും അമ്മയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചാണ് പാലക്കാട് എലവഞ്ചേരിയില്‍ നിന്നും കൊടുവാള്‍ വാങ്ങിയത്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പ്രതി പറയുന്നു.

നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയുടെ കൊലപ്പെടുത്താൻ കാരണമെന്നും ആയിരുന്നു 2019 മൊഴി. എന്നാൽ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തലേദിവസം വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.

ലോക്കപ്പിലേക്ക് വന്ന് കയറിയ ഉടനെ പ്രതി പൊലീസുകാരോട് ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത മെസ്സിൽ പൊലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങി നൽകി. രണ്ട് പേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ കണ്ടത്. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് വളരെ വിശദമായി തന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു. ചെന്താമരയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

Top