![ep-jayarajan-on-strike](https://dailyindianherald.com/wp-content/uploads/2016/05/ep-jayarajan-on-strike.jpg)
തിരുവനന്തപുരം:മുന്‍ വ്യവസായമന്ത്രിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരെ വിജിലന്‍സ് കേസ്. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ് ഐ ആര്‍ സമര്‍പ്പിച്ചു.ഇ പി ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാകും. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് പറയുന്നു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
കൂടുതല്‍ രേഖകള്‍ ശേഖരിച്ചുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുക്കുന്നതെന്നും വിജിലന്‍സ് അറിയിച്ചു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് ജനുവരി ഏഴിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉന്നതര്‍ക്കെതിരായ കേസുകളില്‍ നടപടി വൈകുന്നു എന്ന് വിജിലന്‍സിനെതിരെ കോടതി വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് ജയരാജനെതിരായ വിജിലന്‍സ് നീക്കം എന്നതാണ് കൗതുകകരമായ കാര്യം. മാത്രമല്ല, ഭരണപക്ഷത്തോട് ചായ്‌വ് പുലര്‍ത്തുന്ന നിലപാടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്വീകരിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ജയരാജനെതിരായ നടപടി ഈ പശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടത്.
ജയരാജനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടിവരും. ഏത് സാഹചര്യത്തിലാണ് ബന്ധുനിയമനത്തിനായി വ്യവസായ സെക്രട്ടറിക്ക് മന്ത്രി കുറിപ്പ് നല്‍കിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടിവരും. ഈ കേസ് സി പി എമ്മിനെ കനത്ത പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത് പാര്‍ട്ടിക്കുള്ളിലും പ്രശ്നത്തിനിടയാക്കും.കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.