ലണ്ടന്‍: പല രക്ഷിതാക്കളും കുട്ടികളോടുള്ള ദേഷ്യം പ്രകടിപ്പിക്കാന്‍ ചെറുതായിട്ടൊന്ന് തലക്കിട്ട് കിഴുക്കും… എന്നാല്‍ കുട്ടികളുടെ തലയ്ക്കിട്ട് അടിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
അവര്‍ക്ക് പരുക്കേല്‍പ്പിക്കുമെന്ന് മാത്രമല്ല അത് രക്ഷിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വര്‍ഷംതോറും അഞ്ച് വയസില്‍ താഴെയുള്ള 50 കുട്ടികല്‍ ഒരാള്‍ക്കെന്ന തോതില്‍ തലയ്ക്കുണ്ടാകുന്ന തട്ടലും മുട്ടലും കാരണം തലച്ചോറിന് ശക്തിയായ കമ്പനമുണ്ടാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങള്‍ നടക്കുന്നുമില്ല. ഇതിലൂടെ ചെറിയ കുട്ടികളുടെ സാമൂഹികമായ ഇടപെടലുകള്‍, മാതാപിതാക്കളടക്കമുള്ളവരുമായുള്ള ഇടപെടല്‍ താറുമാറാകുമെന്നാണ് ഇപ്പോള്‍ നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ എത്ര പ്രകോപിപ്പിച്ചാലും കുട്ടികളുടെ തലയ്ക്കിട്ട് തട്ടരുതെന്ന് പ്രത്യേകം ഓര്‍ക്കുക. ചെറുതായി തലയില്‍ തട്ടിയാല്‍ പോലും മക്കള്‍ മാതാപിതാക്കളെ വെറുക്കുമെന്ന് ചുരുക്കം.
പില്‍ക്കാലത്ത് കുട്ടിക്കുണ്ടാകുന്ന മികച്ച സാമൂഹിക ബന്ധങ്ങളെ കുട്ടിക്കാലത്ത് മാതാപിതാക്കന്മാരുമായി അവര്‍ക്കുണ്ടാകുന്ന ബന്ധങ്ങള്‍ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളിലെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകുന്നുവെങ്കില്‍ മാതാപിതാക്കള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണെന്നും അവരുടെ തലച്ചോറിനുള്ള പരുക്ക് കാരണമായിരിക്കാം ഈ സ്ഥിതി സംജാതമാകുന്നതെന്നുമാണ് കാനഡയിലെ ഗവേഷക സംഘം മുന്നറിയിപ്പേകുന്നത്.കുട്ടികളുടെ തലയോട് കട്ടികുറഞ്ഞതും മയമുള്ളതുമായതിനാല്‍ തലച്ചോറിന് പരുക്ക് പറ്റാന്‍ സാധ്യതയേറെയാണെന്നാണ് മോണ്‍ട്‌റിയല്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രിസ്റ്റും ഗവേഷകനുമായ മിറിയം ബീചാംപ് മുന്നറിയിപ്പേകുന്നത്. ഇത്തരത്തിലുള്ള പരുക്കേറ്റ്
മാസങ്ങള്‍ക്കകം കുട്ടികള്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ ചില പ്രയാസങ്ങള്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസിന് കീഴിലുള്ള കുട്ടികളില്‍ ഇത്തരം പരുക്കുകള്‍ കൂടുതലാണ്. ഇത്തരത്തിലുള്ള പരുക്കുകള്‍ കാരണം കുട്ടികളില്‍ ആശയവിനിമയ പാടവം പോലുള്ള പുതിയ കഴിവുകള്‍ വികസിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും ബീചാംപ്
പറയുന്നു.
ഇതുമായി ബന്ധപ്പെട്ട പഠനം ജേണല്‍ ഓഫ് ന്യൂറോസൈക്കോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18മാസം പ്രായമുള്ള 130 കുട്ടികളെ അഞ്ച് വര്‍ഷം നിരീക്ഷിച്ചാണീ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ ചിലര്‍ക്ക് തലച്ചോറിന് പരുക്കും കമ്പനവും മറ്റ് ചിലര്‍ക്ക് ഓര്‍ത്തോപീഡിക് പരുക്കുമേറ്റിരുന്നു.പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ആറ് മാസത്തേക്ക് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കളികള്‍, സ്‌നാക്ക് ടൈമിലെ ഇടപെടലുകള്‍ തുടങ്ങിയവയായിരുന്നു ചിത്രീകരിചച്ച് നിരീക്ഷിച്ചിരുന്നത്. ഇതിന് പുറമെ കുട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ മാതാപിതാക്കളോട് ചോദ്യാവലിയിലൂടെ തിരക്കുകയും അവലോകനം ചെയ്യുകയും ചെയ്തിരുന്നു.പരുക്കേറ്റവര്‍ക്ക് മാതാപിതാക്കന്മാരുമായുള്ള ബന്ധം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വഷളായി വരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.