ആലുവ: ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ എട്ട് ലക്ഷം രൂപയുടെ പുതിയ 2000 നോട്ടുകള്‍ പിടിച്ചെടുത്തു. മൊത്തം 30 ലക്ഷം രൂപ പിടിച്ചെടുത്തു. വീട്ടില്‍നിന്നു ലഭിച്ച 22 ലക്ഷം രൂപ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ്. കടയില്‍നിന്നു കിട്ടിയ എട്ടു ലക്ഷം രൂപ രണ്ടായിരത്തിന്റേതും.
വീട്ടിലും കടയിലും ഒരേസമയത്താണു പരിശോധന തുടങ്ങിയത്. വീട്ടിലെ പരിശോധന അവസാനിച്ചു. കടയില്‍ രാത്രിയിലും പരിശോധന തുടരുകയാണ്. കറന്‍സി ക്ഷാമം നിലനില്‍ക്കുമ്പോള്‍ വ്യാപാരി ഇത്രയധികം പുതിയ നോട്ടുകള്‍ സമാഹരിച്ചതു പരിശോധകരെ ഞെട്ടിച്ചു. മൊത്തവ്യാപാരിയുടെ പേര് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കള്ളപ്പണം വെളുപ്പിച്ചത് വഴിയാണോ പുതിയ നോട്ടുകള്‍ കിട്ടയതെന്നും പരിശോധിക്കുന്നുണ്ട്. എത്ര കച്ചവടം നടന്നാലും ഇത്രയധികം തുക കിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.
കറന്‍സിക്കൊപ്പം ഭൂമിയിടപാടുകള്‍ നടത്തിയതിന്റെ രേഖകളും കണ്ടെടുത്തതായി അറിയുന്നു. കച്ചവടക്കാരനെ വിശദമായി ചോദ്യം ചെയ്യുകയാണ് ആദായ നികുതി വകുപ്പ്