അഴിമതി തുറന്നുകാട്ടുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാനും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. അഴിമതിയെ തുറന്നുകാട്ടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് വിജലിന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശം ഉള്ളത്. അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് സ്ഥലംമാറ്റവും വിജിലല്‍സ് കേസും, സസ്‌പെന്‍ഷനുമടക്കമുള്ള ശിക്ഷാനടപടികള്‍ പതിവാണെന്നും ഈ സാഹചര്യത്തില്‍ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്ന വിസില്‍ബ്ലോവര്‍മാരുടെ കൂട്ടായ്മ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. കൂട്ടായ്മയുടെ രൂപീകരണത്തിനായി അഞ്ച് ഘട്ടമായി ചെയ്യേണ്ട പ്രവര്‍ത്തന രീതികളെക്കുറിച്ചും ഇവര്‍ക്ക് ആവശ്യമായ പരിശീലന പദ്ധതികളെക്കുറിച്ചും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്.
അഴിമതി നടത്തുന്നവരില്‍ ഭൂരിപക്ഷം പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതിനാല്‍തന്നെ അഴിമതി വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവരെ പല രീതിയിലും പീഡിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സ്ഥിതിയില്‍ മാറ്റം വരണം. അഴിമതിയെ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് അവാര്‍ഡ് അടക്കമുള്ള പാരിതോഷികങ്ങളും പ്രോത്സാഹനവും നല്‍കണം.
ഇതിന്റെ ആദ്യപടി എന്ന നിലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സംഘടനകളിലുമുള്ള അഴിമതി വിരുദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുകയാണ് വേണ്ടത്. ഒരോ ജില്ലകളില്‍ നിന്നും രണ്ടോ മൂന്നോ പേരെ തുടക്കത്തില്‍ കണ്ടെത്തി പിന്നീട് ഇവരുടെ എണ്ണം ഇരുപതിലെത്തിക്കണം