ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റിലെ വേഗറാണിയെ കണ്ടെത്താനുള്ള വനിതകളുടെ 100 മീറ്ററിലും അട്ടിമറി. നേരത്തേ പുരുഷ വിഭാഗത്തില്‍ ഒളിംപിക് ജേതാവായ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പിന്തള്ളപ്പെട്ടിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് വനിതകളിലും അപ്രതീക്ഷിത ജേതാവിനെ കണ്ടത്. അമേരിക്കയുടെ ടോറി ബോവിയാണ് പുതിയ ലോക വനിതാ ചാംപ്യന്‍.
100, 200 മീറ്ററുകളിലെ ഒളിംപിക് ജേതാവ് കൂടിയായിരുന്ന ജമൈക്കയുടെ എലാനി തോംസണായിരുന്നു ഈയിനത്തില്‍ ഫേവറിറ്റ്.
എന്നാല്‍ എലാനിക്ക് മല്‍സരത്തില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. കഴിഞ്ഞ ഒളിംപിക്‌സില്‍ എലാനിക്കു പിന്നില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെട്ട ടോറി ഇത്തവണ അതു സ്വര്‍ണമാക്കി മാറ്റുകയായിരുന്നു. ഐവറികോസ്റ്റിന്റെ മേരി ജോ ലോ വെള്ളിയും ഹോളണ്ടിന്റെ ഡാഫ്‌നെ ഷിപ്പേഴ്‌സ് വെങ്കലവും നേടി.
100 മീറ്റര്‍ ഫൈനല്‍ കാണികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. 10.85 സെക്കന്റിലാണ് ടോറി സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 10.86 സെക്കന്റില്‍ മേരി ജോ വെള്ളിക്ക് അവകാശിയാവുകയായിരുന്നു. ടോറിയുടെ ജയത്തോടെ 100 മീറ്റര്‍ രണ്ടിനങ്ങളിലും
ലോക ചാംപ്യന്‍പട്ടം അമേരിക്ക കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് ജേതാവായത്.