കൊച്ചി: ഡ്രൈവിംങ് ടെസ്റ്റിന്റെ പുതുക്കിയ രീതികള്‍ക്ക് താത്ക്കാലിക സ്റ്റേ. പുതിയ രീതികള്‍ അടുത്ത മാസം 15 വരെ നടപ്പിലാക്കരുതെന്ന് നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം മുതല്‍ പഴയരീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.
പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്‌സ് പാര്‍ക്കിങ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവു പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും നിര്‍ബന്ധമാക്കിയിരുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും തോറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം പരാജയപ്പെട്ടവര്‍ക്ക് ഉടന്‍ വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങും. ഇവര്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരം കൂടിയാണ് ഇത്.
മൂന്നുഘട്ടങ്ങളുണ്ട് പുതിയ ഡ്രൈവിങ് പരീക്ഷയ്ക്ക്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ്. പ്രത്യേകം തയാറാക്കിയ സ്ഥലത്തു വാഹനം പിന്നിലേക്ക് ഓടിച്ചു പാര്‍ക്ക് ചെയ്യണം. ഗ്രേഡിയന്റ് ടെസ്റ്റാണു രണ്ടാമത്. കയറ്റത്തു വാഹനം നിര്‍ത്തിയശേന്മഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റെ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം. കടുത്ത പരീക്ഷയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിനാണ് താല്‍കാലിക പരിഹാരം ഉണ്ടാകുന്നത്.
ഒരു ദിവസം 40 പേര്‍ക്കേ പരീക്ഷയില്‍ പങ്കെടുക്കാനാകു. സംസ്ഥാനത്തു നാലിടത്തേ ഇലക്ട്രോണിക് യാര്‍ഡുകളുള്ളു. മറ്റുള്ള സാധാരണ യാര്‍ഡുകളില്‍ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര അടിയായി കുറയ്ക്കുന്നതിനാല്‍ വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ നോക്കി വേണം എച്ച് എടുക്കാന്‍. ഇതെല്ലാം കടുത്ത പരീക്ഷണങ്ങളായി മാറി.