ഗോരക്ഷകര്‍ക്ക് പിന്തുണ; പശുക്കടത്തുകാരുടെ 2.5 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്

ഗോ രക്ഷകരെന്ന പേരില്‍ രാജ്യമെങ്ങും അക്രമം അഴിച്ചുവിടുന്ന സംഘത്തിന് സന്തോഷമേകുന്ന തീരുമാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശു കള്ളക്കടത്തുകാര്‍ക്ക് കര്‍ശന മുന്നറിപ്പുമായി സര്‍ക്കാര്‍ ഇവരുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. യുപി പൊലീസ് കഴിഞ്ഞദിവസമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മിയാസാരായി സ്വദേശി ഫര്‍ഹാന്‍, സഹോദരങ്ങളായ സാരിക്, സുഭാന്‍ എന്നിവരുടെ 2.5 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ ഇനി സര്‍ക്കാരിന് ലഭിക്കും. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് തഹസില്‍ദാല്‍ ആണ് നടപടിയെടുത്തത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിലൂടെ കള്ളക്കടത്തുകാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഗോരക്ഷകരോടു കൂടുതല്‍ ഐക്യദാര്‍ഢ്യം കാണിക്കാനുള്ള അവസരമായും സര്‍ക്കാര്‍ ഇതിനെ മുതലെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി അനധികൃതകള്ളക്കടത്ത് സംഘത്തിന്റെ നേതാവാണ് ഫര്‍ഹാന്‍ എന്ന് എഎസ്പി പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു. ഇടപാടുകളിലൂടെ ഇവര്‍ അളവറ്റ സമ്പത്തുമുണ്ടാക്കിയെന്നും അവയാണ് പിടിച്ചെടുത്തതുമെന്നുമാണ് സര്‍ക്കാര്‍ വാദം.

Top