ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം സര്‍ക്കാര്‍ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകള്‍ അഴിമതിയുടെ അന്തകനാകുമോ? പുതിയതായി അവതരിപ്പിക്കുന്ന 2000ന്റെ കറന്‍സികള്‍ എവിടെ വിനിമയം ചെയ്താലും കണ്ടെത്താനാവുന്ന തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് ഇറങ്ങുന്നത്. കൈക്കൂലി നല്‍കിയാല്‍പ്പോലും ഈ പണം പൂഴ്ത്തിവെക്കാനാവില്ല. ചിപ്പ് ഘടിപ്പിച്ച നോട്ടുകള്‍ അഴിമതി തുടച്ചുനീക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വിപണിയില്‍ പണത്തിനുണ്ടായിരുന്ന സ്വാധീനം പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പിന്‍വാതിലുകളിലൂടെ നടക്കുന്ന ഇടപാടുകളെല്ലാം നിയന്ത്രിക്കപ്പെടുമെന്നതാണ് വലിയ കാര്യം. ഇതോടെ കള്ളപ്പണം പുറത്തുവരാതെയാകും. നോട്ടുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതാകുമെന്നും കണക്കാക്കപ്പെടുന്നു.
നിയമപരമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നവരെ പുതിയ തീരുമാനം ഒരുതരത്തിലും ബാധിക്കില്ല. തുടക്കത്തിലെ ഏതാനും ദിവസത്തെ സ്തംഭനമൊഴിച്ചാല്‍ അത്തരം ഇടപാടുകള്‍ സുഗമമായി നടക്കും. എന്നാല്‍, കള്ളപ്പണം ഉള്‍പ്പെടുന്ന ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കും. ഇതിനുപയോഗിക്കുന്ന പണത്തിലേറെയും 500, 1000 കറന്‍സികളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരം പൂഴ്ത്തിവെക്കലുകള്‍ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായാണ് പുതിയ നോട്ടുകള്‍ ഇറങ്ങുന്നത്. ഇവയുടെ വിനിമയം സര്‍ക്കാരിന് നിരീക്ഷിക്കാനാവും. മാത്രമല്ല, ഇടപാടുകളിലേറെയും ബാങ്കുകള്‍ മുഖേനയാകുമ്പോള്‍ അവയ്ക്ക് കൃത്യമായ കണക്കുമുണ്ടാകും. അതുകൊണ്ടുതന്നെ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഏറെയാണ്. കളപ്പണക്കാരനും കരിഞ്ചന്തക്കാരനും മുമ്പുണ്ടായിരുന്ന പ്രസക്തി പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.