മലയാളത്തിനായി പുതിയൊരു യുണിക്കോഡ് അക്ഷര രൂപം കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് റിലീസ് ചെയ്തു. സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജരി എന്ന് പേരിട്ടിരിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത് . കൊച്ചിയിൽ നടന്ന ചടങ്ങിൽ സന്തോഷ് തോട്ടിങ്ങൽ, കാവ്യ മനോഹർ എന്നിവർ ചേർന്ന് കഥാകൃത്ത് പ്രിയ എഎസിന് നൽകിയാണ് റിലീസ് ചെയ്തത്.
സാധാരണ കനത്തിലുള്ള അക്ഷരങ്ങള്‍ക്കു പുറമേ കട്ടികുറഞ്ഞതും (Bold), കട്ടികൂടിയതും (Thin) ആയ പതിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി 3 ഫോണ്ടുകളാണു അവതരിപ്പിക്കുന്നതു. അതുകൊണ്ടു തന്നെ ചെറിയ അക്ഷരങ്ങള്‍ക്കും, തലക്കെട്ടുകള്‍ക്കും സൗകര്യപ്രദമായി ഈ അക്ഷരരൂപം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.
മലയാളത്തിന്റെ അക്ഷരങ്ങളെ വിടര്‍ന്നുരുണ്ട വടിവുകളില്‍ ഈ ടൈപ്ഫേസില്‍ അവതരിപ്പിക്കുന്നു. വരകളുടെ അറ്റങ്ങളും ഉരുണ്ടതാണു. എല്ലാ വളവുകളും ഒരു ചുരുളിന്റെ – സ്‌പൈരലിന്റെ ഭാഗങ്ങളുപയോഗിച്ചാണു് വരച്ചിട്ടുള്ളതു. അതുകൊണ്ടുതന്നെ മലയാളത്തിലെ നിലവിലെ ഫോണ്ടുകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു ടൈപ്പോഗ്രഫി പരീക്ഷണമായും ഈ ടൈപ്ഫേസിനെ വിലയിരുത്താം. ഒരേ കട്ടിയുള്ള വരകളാണ് ഉപയോഗിച്ചിട്ടുള്ളത്. കൂട്ടക്ഷരങ്ങൾ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ലിപി സഞ്ചയമാണ് ഫോണ്ടിലുള്ളത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ലാറ്റിൻ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വരച്ചിട്ടുള്ളതു. യുണിക്കോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്നു.
മഞ്ജരി എന്നാല്‍ മുത്തു, വള്ളി, പൂങ്കുല എന്നൊക്കെയാണര്‍ത്ഥം. മലയാളത്തിലെ ഒരു വൃത്തത്തിന്റെ പേരുമാണതു. ചിലങ്ക എന്ന കൈയെഴുത്തുശൈലിയിലുള്ള, വളരെപ്പെട്ടെന്നു ജനപ്രീതി നേടിയ ഫോണ്ട് ഇതിനുമുമ്പ് സന്തോഷ് തോട്ടിങ്ങല്‍ രൂപകല്പന ചെയ്തിരുന്നു.
മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. ആ സാങ്കേതികമാറ്റം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ മറ്റു ഫോണ്ടുകളിലും ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാങ്കേതിക സാക്ഷാത്കാരത്തിലും കനംകുറഞ്ഞ പതിപ്പിന്റെ രൂപകല്പനയിലും കാവ്യ മനോഹറും പങ്കാളിയായി.
സാങ്കേതിക വിദ്യ
തനതു ലിപി ശൈലിയിലുള്ള കൂട്ടക്ഷരങ്ങൾ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഈ ഫോണ്ടുകളുടെ ഫയൽ വലിപ്പം ഇത്തരത്തിലുള്ള മറ്റു ഫോണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണു. 60 കിലോ ബൈറ്റ് മാത്രം എടുക്കുന്ന വെബ് ഫോണ്ടുകളായി കാര്യക്ഷമമായി ഇവ ഉപയോഗിക്കാവുന്നതാണു്. TTF, OTF, WOFF, WOFF2 ഫോർമാറ്റുകളിൽ ഡൗൺലോഡ് ചെയ്യാം.
ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൗജന്യവും ആണു ഈ ഫോണ്ട്.
Illustrations and Samples
സ്വതന്ത്രമായി ലഭ്യമായ മലയാളം യുണിക്കോഡ് അക്ഷരരൂപങ്ങളില്‍ കട്ടികുറഞ്ഞ (Thin) പതിപ്പ് ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോണ്ട് എന്ന പ്രത്യേകതകൂടി ഈ ഫോണ്ടിനുണ്ട്. ഇങ്ക്സ്കേപ്, ഫോണ്ട്ഫോർജ് എന്നീ പ്രോഗ്രാമുകൾ പ്രൊജക്ടിനുവേണ്ടി ഉപയോഗിക്കുകയുണ്ടായി.
Download
https://smc.org.in/fonts സന്ദർശിക്കുക
മഞ്ജരി ഫോണ്ട് രൂപകല്പന ചെയ്തിരിക്കുന്നതു് സന്തോഷ് തോട്ടിങ്ങൽ ആണ്. 2014 ൽ സന്തോഷ് രൂപകല്പന ചെയ്ത ചിലങ്ക ഫോണ്ട് വളരെപ്പെട്ടെന്നു ജനപ്രീതി നേടിയിരുന്നു. മലയാളത്തിലെ രചന, മീര, അഞ്ജലി, ചിലങ്ക, കേരളീയം, ഉറൂബ്, ദ്യുതി, കറുമ്പി, സുറുമ തുടങ്ങിയ ഫോണ്ടുകളുടെയെല്ലാം സാങ്കേതിക വിദ്യയിൽ സന്തോഷിന്റെ പങ്കാളിത്തമുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് പാലക്കാട് സ്വദേശിയാണ്. മഞ്ജരി ഫോണ്ടിന്റെ നിർമാണത്തിൽ ഭാര്യയും എൻജിനീയറിങ്ങ് കോളേജ് അധ്യാപികയുമായ കാവ്യ മനോഹറും പങ്കാളിയായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഷാ സാങ്കേതികവിദ്യാ സംരംഭങ്ങളിൽ സജീവപ്രവർത്തകനാണു.
Contact: [email protected] 9946420625
വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പുരോഗതിക്കും, മലയാളഭാഷാ പിന്തുണയ്ക്കും , പ്രാദേശികവത്കരണത്തിനും, ഏകീകരണത്തിനും പ്രചരണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളംകമ്പ്യൂട്ടിങ്ങ്. “എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം.
ഒക്ടോബർ 2002 മുതൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സജീവമാണ്. മലയാളഭാഷ ഉപയോഗിയ്ക്കാന്‍ കമ്പ്യൂട്ടറിനെ പ്രാപ്തമാക്കുന്ന ഫോണ്ടുകൾ, നിവേശക രീതികൾ, തിരുത്തലുകൾ, തർജ്ജമ, എഴുത്ത്-സംസാരം യന്ത്രങ്ങൾ, നിഘണ്ടുക്കൾ, അക്ഷരപരിശോധനാ ഉപകരണങ്ങൾ തുടങ്ങിയവ മുതല്‍ വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും മൊബൈലുകളിലും പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഭാഷാ പിന്തുണയുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ശ്രദ്ധിക്കുന്നു. മലയാളം ഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടേയും പിന്നണിയില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണ്. പ്രശസ്തമായ പല സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും മലയാള തര്‍ജ്ജമകള്‍ സ്വതന്ത്ര മലയാളംകമ്പ്യൂട്ടിങ്ങ് പതിവായി നടത്തിവരുന്നു.
മലയാളം ഫോണ്ടുകളായ രചന, മീര, അഞ്ജലി, ചിലങ്ക, കേരളീയം, ഉറൂബ്, ദ്യുതി, കറുമ്പി, സുറുമ എന്നിവ പുറത്തിറക്കിയതും പരിപാലിക്കുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആണ്.