ന്യൂഡല്‍ഹി: എ.കെ. ശശീന്ദ്രന് പകരം മന്ത്രിയുടെ കാര്യത്തില്‍ എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പ്രഫുല്‍ പേട്ടലിനാണ് പാര്‍ട്ടി കേരള ഘടകത്തിെന്‍റ ചുമതല. അദ്ദേഹത്തിെന്‍റ സാന്നിധ്യത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ ചേരും.
അതേസമയം എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിന്റേതാണു തീരുമാനം. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകാരത്തിന് ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിച്ചു.
അംഗീകാരം ലഭിച്ചാലുടന്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും എന്‍സിപി കത്തു നല്‍കും. യോഗത്തില്‍ ഏകകണ്ഠമായാണു തോമസ് ചാണ്ടിയുടെ പേര് അംഗീകരിച്ചതെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, പവാറിന് തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോട് താത്പര്യമില്ലെന്നാണ് സൂചന. അന്വേഷണം അനുകൂലമായാല്‍ ശശീന്ദ്രന്‍ മടങ്ങിയെത്തും. അന്വേഷണം മൂന്നു മാസത്തിനപ്പുറം നീളരുത്. ശശീന്ദ്രന്‍ തിരക്കിട്ട് രാജിവച്ചതിലും പവാറിന് അസ്വസ്ഥതയുണ്ട്. പ്രാഥമിക അന്വേഷണം കഴിഞ്ഞ് രാജിവച്ചാല്‍ മതിയായിരുന്നുവെന്നാണ് പവാറിന്റെ നിലപാട്.
ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഎം ദേശീയ നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന പ്രചാരണം അവാസ്തവമാണെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അതേസമയം, ഫോണ്‍ സംഭാഷണം പുറത്തുവന്നതു സംബന്ധിച്ചു നിയമനടപടി സ്വീകരിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചായിരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
ശശീന്ദ്രന്‍ ആരോപണങ്ങളില്‍ നിന്നു മുക്തനായി എന്നു തിരിച്ചുവരുന്നോ അന്നു താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്‍കുമെന്നു തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി എന്‍സിപിക്കു നല്‍കിയ മന്ത്രിപദം വിട്ടുകളയാനാകില്ല. മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, പാര്‍ട്ടിയില്‍ അര്‍ഹരായവരുള്ളതിനാല്‍ മന്ത്രിസ്ഥാനം എന്‍സിപിക്കു തന്നെ ലഭിക്കണം. ശശീന്ദ്രന്‍ വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.