ന്യൂഡല്‍ഹി: വിമാനത്തില്‍ മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ പെരുമാറ്റ ചട്ടവുമായി വ്യോമയാന മന്ത്രാലയം. മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. പ്രശ്‌നക്കാരായ യാത്രക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുളള കരട് നിയമമാണ് പുറത്തിറക്കിയിരിക്കുന്നത്.
ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നവരെയും, മദ്യപിച്ച് ബഹളമുണ്ടാക്കുന്നരെയും, സഹയാത്രികരോട് പ്രശ്‌നമുണ്ടാക്കുന്നവരെയും കരിമ്പട്ടികയില്‍ പെടുത്തും. വിമാനത്താവതാവളത്തിലോ വിമാനത്തിനുള്ളിലോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യാത്രികര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. അച്ചടക്ക ലംഘനത്തിന്റെ തീവ്രത അനുസരിച്ച യാത്രികരെ മൂന്നായി തരംതിരിക്കും. ലെവല്‍ ഒന്നില്‍ മോശം പെരുമാറ്റവും അംഗവിക്ഷേപവും കാണിക്കുന്ന യാത്രക്കാരെയാണ് ഉള്‍പ്പെടുത്തുക. രണ്ടില്‍ ലൈംഗിക അതിക്രമം കാണിക്കുന്നവരും, ശാരീരികമായി ആക്രമിക്കുന്നവരെയും ഉള്‍പ്പെടുത്തും. ലെവല്‍ മൂന്നില്‍ കൊലപാതകം ചെയ്യുന്നവരും വധഭീഷണി നടത്തുന്നവരുമാണ് ഉള്‍പ്പെടുക.
ഏത് പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് പരിഗണിച്ചായിരിക്കും യാത്രാവിലക്കിന്റെ കാലവധി നിശ്ചയിക്കുക. സാധാരണ കുറ്റങ്ങള്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയും ഗൗരവമേറിയ കുറ്റങ്ങള്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും.
പുതിയ നിര്‍ദേശങ്ങളെ കുറിച്ച് പൊതുജനത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമമെന്ന് വ്യോമയാന മന്ത്രി അശോക ഗജപതിരാജു പറഞ്ഞു. ശിവസേനഎംപി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ആക്രമിച്ചതുള്‍പ്പെടെയുളള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.