ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റി പുതിയവ അടിക്കാന്‍ റിസര്‍വ് ബാങ്കിന് 12000 കോടി രൂപ ചെലവു വരും. അഞ്ഞൂറിന്റെ ഒരു നോട്ടിന് രണ്ടര രൂപയും ആയിരത്തിന്റെതിന് 3.17 രൂപയുമാണ് അച്ചടിച്ചെലവ്. (2012ലെ കണക്ക്). 1567 കോടി രൂപയുടെ അഞ്ഞൂറു രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. ഇത്ര മൂല്യത്തിനുള്ള അഞ്ഞൂറിന്റെ നോട്ടടിക്കാന്‍ 3917 കോടി രൂപ വരും ചെലവ്. 632 കോടി രൂപക്കുള്ള ആയിരത്തിന്റെ നോട്ടുകള്‍ പ്രചാരത്തിലുള്ളത് വീണ്ടുമടിക്കാന്‍ 2000 കോടി രൂപയും ചെലവു വരും.
രണ്ടായിരത്തിന്റെ ഒരു നോട്ടടിക്കാന്‍ ആയിരത്തിന്റെ നോട്ടടിക്കുന്നതിന് തുല്യമോ അല്പം കൂടുതലോ ചെലവു വരും. 2000 കോടി രൂപ ഇതിന്റെ അച്ചടിക്കും ചെലവു വരും. നോട്ടുകളിലെ സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കില്‍ ചെലവിതിലും ഉയരും.
പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിറമടക്കമുള്ള കാഴ്ചാ സവിശേഷതകളും റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. മജന്റ നിറത്തിലായിരിക്കും രണ്ടായിരത്തിന്റെ നോട്ട്. മഹാത്മാഗാന്ധി സീരീസില്‍ത്തന്നെയാവുമെങ്കിലും മറുപുറത്ത് മംഗള്‍യാന്‍ മുദ്രകൂടി വരും. 16.6 സെന്റിമീറ്റര്‍ നീളവും 6.6 സെന്റിമീറ്റര്‍ വീതിയുമുണ്ടാകും.
സ്റ്റോണ്‍ ഗ്രേ നിറമായിരിക്കും പുത്തന്‍ അഞ്ഞൂറുകള്‍ക്ക്. ഒരു ഭാഗത്ത് ചെങ്കോട്ടയും മറുഭാഗത്ത് ഗാന്ധിയും. 15 സെന്റിമീറ്റര്‍ നീളവും 6.3 സെന്റിമീറ്റര്‍ വീതിയും വലിപ്പം. ദേവനാഗരിയിലാവും തുക രേഖപ്പെടുത്തുക. ഇലക്ട്രോ ടൈപ്പ് വാട്ടര്‍മാര്‍ക്കുമുണ്ടാകും.