സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കാനറാ ബാങ്കും ജനങ്ങളെ കൊള്ളയടിക്കുന്നു; എടിഎം സര്‍വ്വീസുകള്‍ക്ക് ചര്‍ജ് ഈടാക്കും

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കാനറാ ബാങ്കും ജനങ്ങളെ കൊള്ളയടിക്കാന്‍ രംഗത്ത്. പണം നിക്ഷേപിക്കുന്നതിനും എടിഎം ഇടപാടുകള്‍ക്കുമടക്കം കനത്ത ചാര്‍ജുകള്‍ ഈടാക്കാനാണ് ഇപ്പോള്‍ കാനറയുടെ തീരുമാനം.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ചുവടുപിടിച്ചാണ് കാനറ ബാങ്കും ഉപഭോക്താക്കള്‍ക്ക് കനത്ത ചാര്‍ജുകള്‍ ചുമത്തുന്നത്. നിലവിലുള്ള ചാര്‍ജുകള്‍ പുതുക്കിയതിനൊപ്പം പുത്തന്‍ ചാര്‍ജുകളും ഏര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ബാങ്ക് പുറത്തിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവ സ്വകാര്യ ബാങ്കുകളുടെ സര്‍വീസ് ചാര്‍ജുകള്‍ക്ക് തുല്യമാക്കി ബാങ്കിന്റെ ലാഭം വര്‍ദ്ധിപ്പിക്കാനാണ് ബാങ്കിന്റെ നീക്കം. പുതിയ നിരക്കുകള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും .

ഇതുവരെ സൌജന്യമായി നല്‍കിയ സേവനങ്ങള്‍ ഇനിയില്ല എന്നാണ് ബാങ്കിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.എടിഎം ഉപയോഗത്തിനും നെറ്റ്, മൊബൈല്‍ ബാങ്കിങ് എന്നിവക്കും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താകള്‍ ബാങ്കില്‍ എത്തി ഇടപാടുകള്‍ നടത്തുന്നതിനുപകരം ബാങ്കിന് ലാഭകരമായ നടപടിയായാണ് എടിഎം അടക്കമുള്ളവ ഏര്‍പ്പെടുത്തിയിരുന്നത്. അതേ സൌകര്യങ്ങള്‍ക്കാണ് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്.

സേവിങ്‌സ് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ഇതുവരെ ചാര്‍ജ് ഉണ്ടായിരുന്നില്ല. ഇനിമുതല്‍ 50000ത്തിന് മുകളില്‍ നിക്ഷേപിക്കാന്‍ ഓരോആയിരം രൂപക്കും ഒരു രൂപ ഈടാക്കും. ഈ ഇനത്തില്‍ മിനിമം 50 രൂപമുതല്‍ 2500 രൂപവരെയാണ് ഈടാക്കുക. സ്വന്തം ബ്രാഞ്ചിലായാലും ഉപഭോക്താവ് ചാര്‍ജ് നല്‍കണം.

പണം നിക്ഷേപിക്കുന്ന ഡെപ്പോസിറ്റ് മെഷീന്‍, കിയോസ്‌കുകള്‍ എന്നിവയുടെ ഉപയോഗത്തിനും ചാര്‍ജ് ഏര്‍പ്പെടുത്തി.ഐഎംപിഎസ് സേവനങ്ങള്‍ക്ക് 5000 മുകളില്‍ 25000 രൂപവരെ 5 രൂപയും 50000 വരെ 10 രൂപയും ഈടാക്കും.

അക്കൌണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലാതെ എടിഎം ഉപയോഗിച്ചാല്‍ 20 രൂപയാണ് പിടിക്കുന്നത്. ഉപഭോക്താകള്‍ക്കുള്ള എസ്എംഎസ് സന്ദേശങ്ങള്‍ക്ക് മൂന്ന് മാസകാലയളവില്‍ 10 രൂപ ഈടാക്കും.

ഇടപാടിന്റെ സെയില്‍സ് ഡ്രാഫ്റ്റ് കോപ്പിയോ മറ്റോ ലഭിക്കണമെങ്കില്‍ 300 രൂപയാണ് ഈടാക്കുന്നത്. നേരത്തെ ഈ സേവനം സൌജന്യമായിരുന്നു.

സ്വര്‍ണപണയത്തില്‍ ഉരുപ്പടികള്‍ സൂക്ഷിക്കുന്നതിന് ഈടാക്കിയിരുന്ന നിരക്കും കൂട്ടി. 25000രൂപയുടെ സ്വര്‍ണപണയത്തിന് 100 രൂപവീതം ഈടാക്കും.ലോണ്‍ കാലാവധിക്കുശേഷമുള്ള ഓരോ മാസവും 100 രൂപാവീതം അധികം ഈടാക്കും.

ഒരു ബ്രാഞ്ചില്‍നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൌണ്ട് മാറ്റുന്നതിനും ചാര്‍ജ് ഈടാക്കും. 50 രൂപയും മറ്റ് ചാര്‍ജിനങ്ങളുമാണ് ചുമത്തിയിട്ടുള്ളത്.

കൂടാതെ ഡിമാന്റ് ഡ്രാഫ്റ്റിനും മറ്റും ഈടാക്കിയിരുന്ന നിരക്കുകളും കൂട്ടി. നേരത്തെ ആയിരം രൂപക്ക് 3 രൂപയുണ്ടായിരുന്നത് 4 രൂപയാക്കി. മറ്റുബാങ്കുകളുടെ ചെക്കുകള്‍ മാറ്റിയെടുക്കുന്നതിന് ഒരു ലക്ഷത്തിനുമുകളില്‍ 200 രൂപ ഈടാക്കും. നിലവിലിത് 150 രൂപയായിരുന്നു. ലോക്കര്‍ ഫീസും വര്‍ദ്ധിപ്പിച്ചു. 500 രൂപയില്‍നിന്ന് 750 രൂപയാക്കി.

എസ്ബിഐ എസ്ബിടി ലയനം പോലെ 20 പൊതുമേഖലാ ബാങ്കുകളെ നാലോ അഞ്ചോ ബാങ്കുകളാക്കി ചുരുക്കി കാനറ പോലുള്ള പൊതുമേഖലാ ബാങ്കുകളില്‍ ലയിപ്പിക്കാന്‍ കേന്ദ്രതലത്തില്‍ നീക്കം നടക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് ചാര്‍ജ് വര്‍ദ്ധനയടക്കമുള്ളവ നടപ്പാക്കുന്നതെന്നും പറയുന്നു.

Top