ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ പാപ്പുവ മേഖലയിലുള്ള വിഘടനവാദ സംഘടന ന്യൂസിലന്‍ഡ് സ്വദേശിയായ പൈലറ്റിനെ തട്ടിക്കൊണ്ടുപോയി.
അഞ്ചു യാത്രക്കാരടങ്ങിയ ചെറുയാത്രാ വിമാനം വിദൂര പര്‍വതപ്രദേശമായ ദുഗായില്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.
വിമാനത്തിലുണ്ടായിരുന്ന അഞ്ചു യാത്രക്കാര്‍ പാപ്പുവ സ്വദേശികള്‍ ആയതിനാല്‍ അവരെ വിട്ടയച്ചു.
പൈലറ്റ് മെര്‍ട്ടെന്‍സ് (37) സുരക്ഷിതനാണെന്നും എന്നാല്‍, പടിഞ്ഞാറന്‍ പാപ്പുവയുടെ സ്വാതന്ത്ര്യം അംഗീകരിക്കും വരെ അദ്ദേഹത്തെ മോചിപ്പിക്കില്ലെന്നും വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. പൈലറ്റിന്റെ മോചനത്തിനായി ജക്കാര്‍ത്തയിലുള്ള രാജ്യത്തിന്റെ എംബസി വഴി ശ്രമം നടത്തുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു.
ഇന്തോനീഷ്യന്‍ കമ്പനിയായ സൂസി എയറിന്റേതാണു വിമാനം. ഇന്തോനീഷ്യന്‍ അധികൃതര്‍ തെരച്ചില്‍, രക്ഷാസംഘത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, വിദൂരമേഖലയിലേക്ക് ആകാശമാര്‍ഗം മാത്രമേ എത്താന്‍ കഴിയൂ എന്നതു വെല്ലുവിളിയാണ്.