ക്രൈസ്റ്റ് ചര്‍ച്ച്: കൊലവിളിയുമായെത്തിയ അക്രമിയെ സഹോദരാ എന്ന് അഭിസംബോധന ചെയ്തയാളെയും ക്രൂരമായി വെടിവെച്ചിട്ടു. ഇന്നലെ ന്യൂസിലാന്റിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ വലതു വംശീയ വാദി കൊന്നത് അതിദാരണുമായായിരുന്നു. പ്രാര്‍ത്ഥനയ്ക്കെത്തിയവരിലൊരാള്‍ കൊലയാളിയെ സംബോധന ചെയ്തത് സഹോദരാ എന്ന് വിളിച്ചായിരുന്നു.
ടാരന്റ് ലൈവ് സ്ട്രീം ചെയ്ത വീഡിയോയില്‍ സഹോദരാ എന്ന വിളി വ്യക്തമായി കേള്‍ക്കാം. ഇസ്ലാം മതത്തോടുള്ള വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഈ സംബോധന കേള്‍ക്കണമെന്ന് അങ്ങനെ വിളിച്ച രക്തസാക്ഷിയെ പ്രകീര്‍ത്തിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്നു. കരുണയുടെയും സ്നേഹത്തിന്റെയും വിശ്വാസങ്ങളാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. തോക്കുചൂണ്ടിയെത്തുന്ന കൊലയാളിയെപ്പോലും സഹോദരനായിക്കാണുന്നത്ര ഉദാത്തമാണതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലും ലിന്‍വുഡിലെ ഇസ്ലാമിക് സെന്ററിലുമാണ് ഇന്നലെ ലോകത്തെ നടുക്കിയ വെടിവെപ്പുണ്ടായത്. അല്‍നൂര്‍ പള്ളില്‍ 41 പേരും ലിന്‍വുഡില്‍ എട്ടുപേരും മരിച്ചു. ഇസ്ലാം മതത്തോടും കുടിയേറ്റത്തോടുമുള്ള വെറുപ്പാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് ടാരന്റിന്റെ കൈയില്‍നിന്ന് പൊലീസ് കണ്ടെടുത്ത പ്രത്യയശാസ്ത്രത്തില്‍ പറയുന്നു. അക്രമമാര്‍ഗമല്ല ഇസ്ലാം മതം പറഞ്ഞുകൊടുക്കുന്നതെന്ന് തെളിയിക്കാന്‍ ഇനിയുമെത്ര മുസ്ലീങ്ങള്‍കൂടി ജീവന്‍ ബലിയര്‍പ്പിക്കണമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഇരകളുടെ എണ്ണം കുറഞ്ഞതിന് മുന്നില്‍ ധീരമായ മറ്റൊരു രക്തസാക്ഷിത്വം കൂടിയുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. കണ്ണില്‍ക്കാണുന്നവരെയെല്ലാം വെടിവെച്ചുവീഴ്ത്തി മുന്നേറിയ ടാരന്റിനെ വട്ടം പിടിച്ച് ചെറുത്തുതോല്പിക്കാന്‍ ശ്രമിച്ച നയീം റഷീദെന്ന മധ്യവയസ്‌കനാണ് ആ ഹീറോ. നയീമിനെയും ടാരന്റെ വെടിവെച്ചുവീഴ്ത്തിയെങ്കിലും ഇയാളുടെ ദേഹത്ത് വിടാതെ പിടികൂടിയതുകൊണ്ടാണ് ടാരന്റ് പള്ളിയില്‍നിന്ന് പിന്മാറാന്‍ കാരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ആക്രമണത്തില്‍ നയീമിന്റെ മകനും കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിലെ ആബട്ടാബാദില്‍നിന്നുള്ള നയീം ക്രൈസ്റ്റ്ചര്‍ച്ചില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. വെടിവെപ്പില്‍ നാല് പാക്കിസ്ഥാന്‍കാര്‍ കൊല്ലപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തുവെന്നാണ് വെല്ലിങ്ടണിലെ പാക് ഹൈക്കമ്മിഷന്‍ വ്യക്തമാക്കിയത്. മരിച്ച നാലുപേരില്‍ നയീമും മകന്‍ താലയും ഉള്‍പ്പെടുന്നു. നയീമിന്റെ ധീരോദാത്തമായ ഇടപെടലാണ് മരണസംഖ്യ കുറയാന്‍ കാരണമെന്ന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.
‘ഞങ്ങളെല്ലാവരും ചെറിയ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് തോക്കുമായി വെടിയുതിര്‍ത്തുകൊണ്ട് ഒരാള്‍ മുന്നിലേക്ക് വന്നു. എല്ലാവരെയും വെടിവെച്ചുവീഴ്ത്താന്‍ തുടങ്ങി. മറ്റുള്ളവരൊക്കെ ശ്വാസം പോലുംനിലച്ച അവസ്ഥയിലായിരുന്നു. എങ്ങനെയും രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു മറ്റുള്ളവര്‍. എന്നാല്‍, നയീം തോക്കുധാരിയെ വട്ടംപിടിച്ചു. അയാള്‍ തോക്ക് താഴെവെക്കുന്നതുവരെ മുറുകെപ്പിടിച്ചു. ഇതിനിടെ, നയീമിനും വെടിയേറ്റിരുന്നു’ -ആക്രമണത്തില്‍ രക്ഷപ്പെട്ട മുംബൈ സ്വദേശി ഫൈസല്‍ സയീദ് പറഞ്ഞു.