കൊല്‍ക്കത്ത: എന്റെ രക്തം ജീവനാണെന്നു വിളിച്ചു പറയാനുള്ള ധൈര്യം ആ പെണ്‍കുട്ടി കാട്ടിയപ്പോള്‍ ഞെട്ടിയത് പാരമ്പര്യത്തില്‍ മാത്രം അഭിരമിച്ചിരുന്ന ഒരു സമൂഹമാണ്. തന്റെ പാന്റില്‍ പറ്റിയ ആര്‍ത്തവ രക്തത്തിന്റെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം കാട്ടിയ ആ കൊച്ചു പെണ്‍കുട്ടിക്കു നേരിടേണ്ടി വന്നത് നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വ്യാപക ആക്രമണം.
കൊല്‍ക്കത്തയിലെ ഹൈസ്‌കൂള്‍ സീനിയറായ അനുഷ്‌കാ ദാസ്ഗുപ്ത എന്ന പെണ്‍കുട്ടിയാണ് എട്ടു മണിക്കൂറുകള്‍ക്കിടെ തനിക്കു നേരിടേണ്ടി വന്ന അനുഭവം വിവരിച്ച്, തന്റെ ആര്‍ത്തവ രക്തം പുരണ്ട പാന്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച താന്‍ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവമെന്നു പെണ്‍കുട്ടി വ്യക്തമാക്കുന്നു.
ദീര്‍ഘ നടത്തത്തിനു ശേഷം മടങ്ങിയെത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീകള്‍ ദയനീയ ഭാവത്തില്‍ തന്നെ നോക്കുന്നു, പുരുഷന്‍മാര്‍ ശ്യംഗാരം കലര്‍ന്ന ഇക്കിളിപ്പെടുത്തുന്ന ഭാവത്തില്‍ തന്റെ പിന്‍ഭാഗത്തേയ്ക്കു തുറിച്ചു നോക്കുന്നു. കുട്ടികള്‍ പക്ഷേ, ഇതൊന്നും ശ്രദ്ധിക്കുകയോ മനസിലാകുകയോ ചെയ്യാതെ എന്നെ കടന്നു പോകുന്നുണ്ടായിരുന്നു.
ഇതിനിടെ അടുത്തെത്തിയ ചില സ്ത്രീകള്‍ തന്റെ ഷര്‍ട്ട് ഉപയോഗിച്ചു പാന്റിന്റെ പിന്‍ഭാഗം മറയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ് തന്റെ പിന്‍ഭാഗം രക്തത്തുള്ളികളാണ് നിറഞ്ഞിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ അടുത്തെത്തിയ ഒരു പെണ്‍കുട്ടി എനിക്ക് സാനിറ്ററി നാപ്കിന്‍ ഓഫര്‍ ചെയ്യുകയും ചെയ്തു. എട്ടു മണിക്കൂറോളം ഇത്തരത്തില്‍ രക്ത കറയുമായി എനിക്കു നടക്കേണ്ടി വന്നു.
എസ്പ്ലാനേഡ് മെട്രോ സ്‌റ്റേഷനില്‍ ഇത്തരത്തില്‍ നടന്നത് മറ്റുള്ളവരില്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. എന്നാല്‍, എനിക്ക് അത് ആശങ്കയോ നാണക്കേടോ അല്ല മറിച്ച് ഏറെ അഭിമാനം നല്‍കുന്നതായിരുന്നെന്നും പെണ്‍കുട്ടി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഫെയ്‌സ്ബുക്കി്ല്‍ തന്നെ ആര്‍ത്തവ രക്തമടങ്ങിയ വസ്ത്രത്തിന്റെ ചിത്രം കുറിപ്പോടെ പോസ്റ്റ് ചെയ്ത അനുഷ്‌കയ്ക്കു പ്രതികൂലവും അനുകൂലവുമായ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. അനുഷ്‌കയുടെ നടപടി അനുചിതമെന്നു പ്രഖ്യാപിച്ച് ആരോപണ ശരങ്ങളുമായി നിരവധിപ്പേര്‍ രംഗത്ത് എത്തിയപ്പോള്‍ ഇത് വ്യാപകമായ ചര്‍ച്ചയായി മാറിയിട്ടുണ്ട്. രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം പോലും പലരും വിഷയത്തില്‍ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്.