സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രേക്ഷകരുടെ എണ്ണത്തിലും പരസ്യവരുമാനത്തിലും ഏറെ പിന്നിൽ പോയ ന്യൂസ് 18 ചാനലിനു തുടക്കത്തിൽ തന്നെ പൂട്ടു വീഴുന്നു. സംസ്ഥാനത്തെമ്പാടും കൊട്ടിഘോഷിച്ച് വർഷങ്ങൾക്കു മുൻപ് റിലയൻസ് പട്രോൾ പമ്പുകളുടെ സ്ഥിതിയിലേയ്ക്കാണ് ഇപ്പോൾ റിലയൻസിന്റെ നേരതൃത്വത്തിൽ ആരംഭിച്ച ചാനലും പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. പരസ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി ചാനലിന്റെ മാർക്കറ്റിങ് വിഭാഗത്തിനു കഴിഞ്ഞ ദിവസം റിലയൻസ് മേധാവി മെമ്മോ അയച്ചതോടെയാണ് ചാനലിന്റെ ഭാവി സംബന്ധിച്ചുള്ള സംശയങ്ങൾ വീണ്ടും ഉടലെടുത്തു തുടങ്ങിയത്. പരസ്യങ്ങൾ ഇല്ലാത്തതിനെ ചൊല്ലി ചാനലിലെ വാർത്താ മാർക്കറ്റിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും ഇതിനിടെ രൂക്ഷമായിട്ടുണ്ട്.
ചാനൽ ആരംഭിച്ച് നാലു മാസത്തിനിടെ കാര്യമായ പരസ്യവും വരുമാനവും ഒപ്പം പ്രേക്ഷക ശ്രദ്ധയും നേടാൻ ഇതുവരെയും ചാനലിനു കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മലയാളം അടക്കം രാജ്യത്തെ വിവിധ ഭാഷകളിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് വിഭാഗമാണ് ന്യൂസ് 18 ചാനൽ ആരംഭിച്ചിരിക്കുന്നത്. വാർത്തയും പ്രോഗ്രാമുകളുമായി കൃത്യമായി ഓരോ സംസ്ഥാനത്തും മുന്നിലെത്തുക എന്ന ലക്ഷ്യവും ഒപ്പം സാമ്പത്തികമായ നേട്ടവുമാണ് ചാനൽ ആരംഭിക്കുമ്പോൾ റിലയൻസ് ല്ക്ഷ്യമിട്ടിരുന്നത്. എന്നാൽ, റിലയൻസിന്റെ ഈ ലക്ഷ്യത്തിനായാണ് പ്രമുഖ ചാനലുകളിൽ മാർക്കറ്റിങ് രംഗത്തെ തിളക്കമാർന്ന വ്യക്തിത്വമായ ജയദീപ് രാജീവിനെ ന്യൂസ് 18 ന്റെ മാർക്കറ്റിങ് വിഭാഗം മേധാവിയാക്കിയത്. എന്നാൽ, ജയദീപ് രാജീവിനു ചാനൽ മാനേജർമാർ നൽകിയ ലക്ഷ്യം നിറവേറ്റാൻ സാധിച്ചിട്ടില്ലെന്നാണ് ആദ്യ നാലു മാസത്തെ ഫലം പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്.
ചാനൽ പ്രവർത്തനം ആരംഭിച്ച നാലു മാസം കഴിഞ്ഞിട്ടും ഇതുവരെയും ജനശ്രദ്ധയിൽവരുന്ന പ്രോഗ്രാമുകൾ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്ന പരാതിയാണ് ഇപ്പോൽ മാർക്കറ്റിങ് വിഭാഗം പരസ്യവും വരുമാനവും കുറയുന്നതിന്റെ ഫീഡ്ബാക്കായി ഇപ്പോൾ മാർക്കറ്റിങ് വിഭാഗം നൽകുന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചാനലിനു ജനശ്രദ്ധയാകർഷിക്കുന്ന പരിപാടികളോ, വാർത്തകളോ സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രോഗ്രാമും വാർത്തകളും ഇല്ലാതത്തിനാൽ തന്നെ ചാനലിനു കാര്യമായ പരസ്യവരുമാനം കണ്ടെത്താനും സാധിക്കുന്നില്ല. നാലു മാസമായിട്ടും പരസ്യം കണ്ടെത്താനാവാത്തതിന്റെ പ്രധാന പ്രതിസന്ധി വാർത്തയും പ്രോഗ്രാമും ഇല്ലാത്തതു ത്‌ന്നെയാണെന്ന ആരോപണമാണ് ഇപ്പോൾ ഈ മേഖലയിലെ വിദഗ്ധരായ മാർക്കറ്റിങ് വിഭാഗം ചാനൽ മേധാവികൾക്കു നൽകിയിരിക്കുന്ന റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ചാനലിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾക്കു റിലയൻസ് തയ്യാറാകുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് റിലയൻസിന്റെ ഹൈദ്രബാധിൽ നിന്നുള്ള മേലധികാരികൾ എത്തിയ യോഗത്തിൽ ഓണത്തിനു ചാനലിൽ മികച്ച ഒരു പ്രോഗ്രാം പോലും നടത്താനായില്ലെന്നു മാർക്കറ്റിങ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് പ്രാഥമിക വാർണിങ് സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മാർക്കറ്റിങ് വാർത്താ വിഭാഗം മേധാവിമാരായ ജയദീപിനെയും രാജീവിനെയും യോഗത്തിൽ കടിച്ചു കുടയുകയും ചെയ്തു. നിലവിലുള്ള പതിനാറ് ചാനലുകളിൽ വരുമാനത്തിലും പരിപാടികളിലും ഏറ്റവും പിന്നിൽ നിൽക്കുന്നത് ന്യൂസ് 18 കേരളം ആണെന്നാണ് റിലയൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ട് ന്യൂസ് 18 ലൂടെ നടപ്പാക്കാനുള്ള ശ്രമവും ആദ്യ ഘട്ടത്തിൽ നടന്നിരുന്നു. എന്നാൽ, ചാനൽ കാര്യമായി ക്ലച്ച് പിടിക്കാതെ പോയതോടെ ഈ ശ്രമവും ഏതാണ്ട് മുടങ്ങിയ മട്ടിലാണ്. ചാനൽ കേരളത്തിൽ നിന്നു തന്നെ വരുമാനം കണ്ടെത്തണമെന്ന നിർദേശമാണ് ഇപ്പോൾ മേധാവികൾ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചാനലിനു ഇനി പിടിച്ചു നിൽക്കണമെങ്കിൽ ജീവനക്കാർക്കു മേൽ അധിക സമ്മർദം ചെലുത്തേണ്ടി വരും.