കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബി.ജെ.പിക്ക് യാതൊരു പ്രശ്നവുമില്ലെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ബീഫ് വിഷയത്തിൽ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ്. ബീഫ് പ്രശ്നം കത്തിനിൽക്കുമ്പോഴും ഗോവക്കാർ ബീഫ് കഴിക്കുമെന്ന് ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ നിലപാടെടുത്തിരുന്നു. അതേ രീതിയിൽ കേരളീയരും തുടർന്നും ബീഫ് കഴിക്കുമെന്ന് കണ്ണന്താനം വ്യക്തമാക്കിബി.ജെ.പിക്കും ക്രിസ്ത്യൻ സമൂഹത്തിനുമിടയിലുള്ള പാലമായി താൻ പ്രവർത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബി.ജെ.പിക്കെതിരെ ക്രിസ്ത്യൻ സമൂഹം ഉന്നയിക്കുന്ന ആരോപണങ്ങൾ ചില പ്രത്യേക അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ലും ഇതുപോലുള്ള പ്രചാരണങ്ങൾ വ്യാപകമായിരുന്നു. മോദി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ക്രിസ്ത്യാനികളെ ചുട്ടെരിക്കുമെന്നും ക്രിസ്ത്യൻ പള്ളികൾ തകർക്കുമെന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ. എന്നാൽ സംഭവിച്ചത് മറിച്ചാണെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനാണ് മോദി കാഴ്ചവച്ചിട്ടുള്ളതെന്നും കണ്ണന്താനം അവകാശപ്പെട്ടു.