സുരക്ഷാ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ നോട്ടീസിന് മറുപടി നല്‍കി. ഫോണില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് കേന്ദ്ര ടെലികോ മന്ത്രാലയം നോട്ടീസ് നല്‍കിയത്. 36 കമ്പനികളില്‍ നിന്നാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്. ഇവയില്‍ ഇരുപതോളം കമ്പനികള്‍ മറുപടി നല്‍കിയതായാണ് വിവരം. ശേഷിക്കുന്നവര്‍ ഉടന്‍ പ്രതികരിക്കുമെന്നാമ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കി. മൊബൈല്‍ ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കമ്പനികള്‍ നല്‍കിയ മറുപടി ബന്ധപ്പെട്ടവര്‍ വ്യക്തമായി പരിശോധിക്കും. സാങ്കേതിക വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കും. ചൈനീസ് കമ്പനികളോ ഇന്ത്യന്‍ കമ്പനികളോ രഹസ്യം ചോര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ അവയെ വിലക്കാനാണ് നിര്‍ദ്ദേശം. മറ്റൊരു രാജ്യക്കാര്‍ വിവരം ചോര്‍ത്തുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് നടപടി. ഇലക്ടോണിക്‌സ് എവിഡന്‍സ് ആക്ട് പ്രകാരമാണ് മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത്.