ഗുര്‍മീതിനെ കുടുക്കിയത് ഭാര്യയോ??

വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിനെ കുടുക്കിയതിനു പിന്നിൽ സ്വന്തം ഭാര്യയുടെ കൈകൾ. ഗുർമീതിന്‍റെ വളർച്ച ലോകത്തിനു നാശമാണെന്നു മനസിലാക്കിയ ഭാര്യ ഹർജീത് കൗർ തന്നെയാണ് ഗുർമീതിനു കെണി ഒരുക്കിയതെന്ന റിപ്പോർട്ടാണ് ദേര ആശ്രമത്തിൽ നിന്നും പുറത്തു വരുന്നത്. ഗുർമീത് അറസ്റ്റിലായതിനു പിന്നാലെ ഗുർമീതിന്‍റെ ഭാര്യ ഹർജീതിന്‍റെ ഒട്ടേറെ വാർത്തകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തയായിരുന്നു ഹർജീത് കൗർ എന്ന സ്ത്രീയെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അത്യാഡംബരത്തിൽ ഗുർമീത് കൊട്ടാരങ്ങൾ കെട്ടിപ്പൊക്കുമ്പോൾ പ്രാർഥനകളുമായി ആശ്രമത്തിലെ സാധുക്കൾക്കൊപ്പമായിരുന്നു ഹുർജിത് കൗർ എപ്പോഴും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് അവർ പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നതും. ദൈവമെന്ന് ധരിച്ച് ഗുർമീതിനെ വിവാഹം ചെയ്ത ഹർജിത് സ്വന്തം ഭർത്താവിന്‍റെ തട്ടിപ്പ് മനസിലാക്കിയതും വൈകിയാണത്രേ. 1990ലാണ് ഗുർമീത് ദേര സച്ചൗ സൗദ ആശ്രമത്തിലെത്തുന്നത്. വളരെ വേഗം ആശ്രമത്തിന്‍റെ നേതൃ സ്ഥാനത്തേക്ക് വളർന്ന ഗുർമീത് സ്വയം ദൈവമായി അവരോധിച്ചു. ആശ്രമ വിശ്വാസികൾക്കൊപ്പം ഇക്കാര്യം വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീയായിരുന്നു സുന്ദരിയായ ഹർജിത് കൗർ. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോൾ ദൈവത്തെ സ്വന്തമാക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഹർജിത്ത്. എന്നാൽ വിവാഹ ശേഷമാണ് ഗുർമീത് എന്ന കാപട്യക്കാരനെ ഹർജീത് കൗർ മനസിലാക്കുന്നത്. ജാല വിദ്യകൾ കൊണ്ട് സർവരെയും കബളിപ്പിച്ച് ജീവിക്കുന്ന തട്ടിപ്പുകാരനാണ് തന്‍റെ ഭർത്താവ് എന്നു വ്യക്തമായതോടെ ഇവർ ഗുർമീതുമായി അകന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ഗുർമീതിന്‍റെ ഭീഷണി ഉണ്ടായിരുന്നതിനാൽ ആശ്രമം വിട്ട് പോകാൻ ധൈര്യമില്ലായിരുന്നു. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകർഷിക്കാനുള്ള ആയുധമായിരുന്നു ഗുർമീതിനു സ്വന്തം ഭാര്യ. എന്നാൽ ഗുർമീതിന്‍റെ ലൈംഗിക താൽപര്യങ്ങൾക്ക് ഹർജീത് വഴങ്ങാതിരുന്നതോടെയാണ് ഹണി പ്രീതിന്‍റെ വരവെന്നാണ് സൂചന.വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആശ്രമത്തിലെത്തിയ ഹണി പ്രീത് ദാമ്പത്യ ജീവിതത്തിൽ പരാജയം അനുഭവിക്കുകയാണെന്നു ബോധ്യമായതോടെയാണ് ഗുർമീത് അവരെ വശത്താക്കുന്നത്. ആരുമില്ലാത്ത ഒരു കുട്ടിയെ മകളായി ദത്തെടുക്കുകയാണെന്നാണ് ഹർജിത് കൗറിനോടും ആശ്രമ വിശ്വാസികളോടും ഗുർമീത് പറഞ്ഞിരുന്നത്. എന്നാൽ മകളുടെ സ്ഥാനം കിടപ്പറയിലാണെന്നു ഹർജീത് മനസിലാക്കിയത് പിന്നീടാണ്.
ദൈവത്തിന്‍റെ കാമകേളികളെ കുറിച്ച് ആസ്രമത്തിലെ സന്യാസിനികളും ഹർജീതിനോട് പരാതി പറയാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ഇനിയും ഗുർമീത് വളരരുതെന്ന് ഹർജിത് കൗർ തീരുമാനിച്ചത്. 2002ൽ ആശ്രമത്തിലെ രണ്ട് വനിതാ സന്യാസിനിമാർ പ്രധാന മന്ത്രിക്ക് അയച്ച ഊമകത്തിലാണ് ഗുർമീതിനെതിരെ കേസെടുക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. ഈ കത്തിനു പിന്നിൽ ഹർജീത് കൗറിന്‍റെ കരങ്ങളുണ്ടെന്നും ആശ്രമത്തിലെ അന്തേവാസികളിൽ നിന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.

Top