യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് അനുമതി; ഇനി ഗുരുവായൂര്‍

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുവാദം തരണമെന്ന ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസിനിന്റെ അപേക്ഷ അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതന്‍ വഴി യേശുദാസ് അപേക്ഷ നല്‍കുകയായിരുന്നു. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് യേശുദാസ് ക്ഷേത്ര ദര്‍ശനം നടത്തും. അന്നേദിവസം സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കുകയും ചെയ്യും. സാധാരണ രീതിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം. എന്നാല്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ ഇതര മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രദര്‍ശനം നടത്തുന്നു. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണതുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം. മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തണമെന്നത് യേശുദാസിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനുമതി ലഭിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

Top