എന്തായാലും നമ്മുടെ നാട്ടിലെ മൂഷികസേനക്കാര്‍ക്കും ഡിങ്കനാരാധകര്‍ക്കും സന്തോഷിക്കാം ലണ്ടനിലെ സായിപ്പുമാരെ ഞെട്ടിച്ചുകൊണ്ട് മൂഷിക ഭീമന്‍മാര്‍ വിലസുന്നുവെന്നാണ് പുതിയ വാര്‍ത്ത. പറഞ്ഞുവരുന്നത് ലണ്ടനില്‍ കണ്ടെത്തിയ നാലടിയോളം വലിപ്പമുള്ള എലിയെ കുറിച്ചാണ്.
ലണ്ടനിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് ഈ മൂഷികഭീമനെ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ഇത് വെറും ക്യാമറ ട്രിക്കാണെന്നാണ് അവിശ്വാസികള്‍ ആരോപിക്കുന്നത്.ക്യാമറാ ലെന്‍സിലൂടെ കാണുമ്പോള്‍ സാധാരണ എലിയെ വലുതായി തോന്നുകയാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. സെല്‍ഫി സ്റ്റിക്കുകള്‍, മറ്റ് എക്സ്റ്റന്‍ഡഡ് പോളുകള്‍ തുടങ്ങിയവ ഉപയോഗിച്ചും സാധാരണ വസ്തുക്കളെ അസാധാരണ വലുപ്പമുള്ളവയാക്കി കാണിക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തങ്ങള്‍ ഈസ്റ്റ്‌ലണ്ടനിലെ ഹാക്ക്‌നെ ഡൗണ്‍സിലെ പ്ലേഗ്രൗണ്ടിനടുത്ത് നിന്ന് കണ്ടെത്തിയത് നാലടി നീളമുള്ള എലിയെത്തന്നെയാണെന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ ഉറപ്പിച്ച് പറയുന്നത്.ഒരു ചെറിയ പട്ടിയുടെ അത്ര വലുപ്പമുള്ളതാണീ എലിയെന്നും അവര്‍ വാദിക്കുന്നു. തുടര്‍ന്ന് ഈ എലിയുടെ ഒരു ഫോട്ടോയെടുക്കാന്‍ ഗ്യാസ് എന്‍ജിനീയറായ ടോണി സ്മിത്ത് തന്റെ സഹപ്രവര്‍ത്തകനായ ജെയിംസ് ഗ്രീനിനോട് ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ഇതാരും വിശ്വസിക്കില്ലെന്നായിരുന്നു ടോണി ചിന്തിച്ചത്.താന്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ എലിയാണിതെന്നാണ് ടോണി സ്മിത്ത് പറയുന്നത്. എല്ലാവരെയും വിശ്വസിപ്പിക്കാന്‍ വേണ്ടി ഇതിനെ ബിന്നിലിടുന്നതിന് മുമ്പ് തങ്ങള്‍ ഒരു ഫോട്ടോയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എലിവിഷം തിന്നിട്ടാണി എലി ചത്തതെന്ന് സൂചനയുണ്ട്. അടുത്തുള്ള ബിന്നുകളില്‍ നിക്ഷേപിക്കപ്പെടുന്ന ഫ്രൈഡ് ചിക്കന്‍, റൈസ് എന്നിവ പോലുള്ളവ പതിവായി കഴിക്കുന്നതിനാലാണ് എലി ഇത്രയ്ക്ക് തടിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
ഇത് ഗാംബിയന്‍ പൗച്ച്ഡ് വിഭാഗത്തില്‍ പെട്ട എലിയാണെന്നും ഇവ വേഗത്തില്‍ ഇണങ്ങുന്നതിനാല്‍ പേരുകേട്ടവയാണെന്നും ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ ജാന്‍ ഹര്‍ട്‌സ് വെളിപ്പെടുത്തുന്നു. ഇവയ്ക്ക് നാലടിയോളം വളരാന്‍ കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ഹഡേര്‍സ്ഫീല്‍ഡിലെ ഡോ. ഡൗഗി ക്ലാര്‍ക്ക് പറയുന്നത്. ഇവയ്ക്ക് അസാധാരണവലുപ്പവും ബുദ്ധിശക്തിയുമുണ്ടെന്നും അദ്ദേഹം പറയുന്നു.2009ല്‍ ഇത്തരത്തിലുള്ള 30 എലികളെ ലാന്‍ഡ് മൈനുകള്‍ മണത്ത കണ്ടുപിടിക്കാന്‍ മൊസാമ്പിക്കില്‍ പ രിശീലിപ്പിച്ചിരുന്നു.ഉമിനീര്‍ സാമ്പിളുകളില്‍ നിന്നും ടിബി കണ്ടുപിടിക്കാന്‍ യുകെയിലെ ഗവേഷകര്‍ ഇവയെ ഉപയോഗിച്ചിട്ടുണ്ട്. ഇവയെ പെറ്റുകളായി വളര്‍ത്തുന്ന പതിവുമുണ്ട്. ഇവയെ യുകെ പെറ്റ് വെബ്‌സൈറ്റുകളില്‍ 200 പൗണ്ടിനാണ് വില്‍ക്കുന്നത്.