സ്പോട്സ് ഡെസ്ക്
ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ട്വന്റി – 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ഏഴ് വിക്കറ്റുകൾ ബാക്കി നിൽക്കെ 17.1 ഓവറിൽ 159 റൺസ് നേടിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. നാളെ നടക്കുന്ന ഇന്ത്യ – വിൻഡിസ് രണ്ടാം സെമിയിലെ വിജയിയെ ഇംഗ്ലണ്ട് ഫൈനലിൽ നേരിടും. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കോളിൻ മൺറോ (46), കെയ്ൻ വില്യംസൺ (32), കോറി ആൻഡേഴ്സൺ (28), ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ (15) എന്നിവരുടെ ബാറ്റിംഗാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു കിവീസ് ഇംഗ്ലണ്ടിന് 154 റൺസ് വിജയലക്ഷ്യം സമ്മാനിച്ചത്. ബെൻ സ്ട്രോക്സ് മൂന്ന് കിവീസ് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജെസൺ റോയ്, അലക്സ് ഹെയ്ൽസ് എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. 78 റൺസെടുത്ത ജേസൺ റോയുടെ ഒറ്റയാൻ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 20 റൺസെടുത്ത അലക്സ് ഹെയ്ൽസ് റോയ്ക്ക് മികച്ച പിന്തുണ നൽകി. ജോ റൂട്ട് പുറത്താകാതെ 27 റൺസെടുത്തു. പൂജ്യത്തിന് പുറത്തായ ഇയാൻ മോർഗന് പിന്നാലെ ക്രീസിൽ എത്തിയ ജോസ് ബട്ലർ ആണ് ഇംഗ്ലണ്ടിന്റെ ഫെനൽ പ്രവേശനം ഉറപ്പിച്ചത്. ഇഷ് സോധി രണ്ട് ഇംഗ്ലീഷ് വിക്കറ്റുകൾ വീഴ്ത്തി.