പിണറായി മന്ത്രിസഭയില്‍ പുന:സംഘടനക്കും വകുപ്പ് മാറ്റങ്ങള്‍ക്കും സാധ്യത.ശശീന്ദ്രനെ ആഗ്രഹിച്ച് സഖാക്കള്‍.സാധ്യതാ പട്ടികയില്‍ 6 പേര്‍

തിരുവനന്തപുരം: ഇപി ജയരാജന്‍ രാജി വച്ച ഒഴിവില്‍ പിണറായി മന്ത്രിസഭയില്‍ പുന:സംഘടനക്കും വകുപ്പ് മാറ്റങ്ങള്‍ക്കും സാധ്യത.മന്ത്രിസഭാ പുന:സംഘടന നടക്കുകയാണെങ്കില്‍ എംഎല്‍എമാരായ സുരേഷ് കുറുപ്പ്, എം സ്വരാജ്,എസ് ശര്‍മ്മ,രാജു എബ്രഹാം,എംഎം മണി, എന്നിവരാണ് പ്രധാനമായും പരിഗണന ലിസ്റ്റില്‍ വരിക. അതേസമയം എംഎല്‍എയായിട്ടും ലളിതമായ ജീവിതം പിന്‍തുടര്‍ന്ന് മാതൃകാ കമ്മ്യൂണിസ്റ്റായ സി കെ ശശീന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവും സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

സാമുദായിക സമവാക്യം പരിഗണിക്കുകയാണെങ്കില്‍ സുരേഷ് കുറുപ്പിനോ സ്വരാജിനോ ആണ് സാധ്യത.പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണിയെയും പരിഗണിക്കേണ്ടി വരും.കടുത്ത വിഎസ് പക്ഷക്കാരനായിരുന്നുവെന്നത് എറണാകുളത്ത് നിന്നുള്ള എസ് ശര്‍മ്മയുടെ സാധ്യതക്കും വിലങ്ങ്തടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയരാജനെ പോലെ തന്നെ വിവാദ നായകനാണ് എന്നതാണ് മണിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഇടത് മണ്ഡലമല്ലാത്തിടത്ത് നിന്ന് തുടര്‍ച്ചയായി വിജയം കൊയ്യുന്നതിനാലാണ് രാജു എബ്രഹാം ലിസ്റ്റില്‍ വരുന്നത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മാത്രമല്ല മികച്ച വാഗ്മി കൂടിയാണ് എന്നതാണ് യുവ എംഎല്‍എയായ സ്വരാജിനെ പരിഗണിക്കുന്ന ഘടകം.

 

 

 

ck saseendran

ഇമേജാണ് നോക്കുന്നതെങ്കില്‍ ദീര്‍ഘകാലം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രനെ പരിഗണിക്കണമെന്നാണാവശ്യം.പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും ഇപ്പോള്‍ എംഎല്‍എ ആയപ്പോഴും സൈക്കിളില്‍ പാല്‍ വിറ്റും, കോഴികളെ വളര്‍ത്തിയും, പുല്ലു വെട്ടിയും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ജീവിതരീതി പിന്‍തുടരുന്ന വ്യക്തിയാണ് ശശീന്ദ്രന്‍.

കമ്മ്യൂണിസ്റ്റ്കാരന്‍ എങ്ങിനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ പ്രവര്‍ത്തിച്ച് കാണിച്ച വ്യക്തിയാണ് ഈ കുറിയ മനുഷ്യന്‍. പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ മാതൃകാ ജീവിതത്തിനുള്ള അംഗീകാരമായിരുന്നു കോടിശ്വരനും പത്ര-ചാനല്‍ മുതലാളിയുമായ ശ്രേയംസ്‌ കുമാറിനെതിരെ നേടിയ ആധികാരിക വിജയം.

ck saseendran

ഒരു ചെരിപ്പ് പോലും കാലിലണിയാതെ നാട്ടിലെന്ന പോലെ തന്നെ നിയമസഭയിലുമെത്തുന്ന ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അത്ഭുതമാണ്.വയനാട്ടിലെ ആദിവാസികളുടെയും പാവപ്പെട്ടവന്റെയും മനം തൊട്ടറിഞ്ഞ ശശീന്ദ്രന്‍ പിണറായി മന്ത്രിസഭയില്‍ അംഗമാവുകയാണെങ്കില്‍ അത് കേരളീയ സമൂഹത്തിന് മുന്‍പില്‍ സിപിഎമ്മിന്റെയും ഇടത്പക്ഷത്തിന്റെയും യശസ്സ് ഉയര്‍ത്തുമെന്നാണ് സിപിഎം അണികളും അനുഭാവികളും പറയുന്നത്.

എല്ലാ സ്വപ്നങ്ങളും നടക്കണമെന്നില്ലെങ്കിലും ഈ പാവം കമ്മ്യൂണിസ്റ്റിന്റെ മാതൃക സിപിഎം ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നാണ് സൂചന.മാത്രമല്ല സ്വജനപക്ഷപാതം വ്യക്തമായ സ്ഥിതിക്ക് ജയരാജന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ‘ലഭിച്ചാല്‍ പോലും’ ഇനി തിരികെ മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്.സിപിഎം സംസ്ഥാന ഘടകത്തിനും ഇക്കാര്യത്തില്‍ ഇനി വാശി പിടിക്കാനാകില്ല. പാര്‍ട്ടിതലത്തിലെ നടപടി ലഘൂകരിക്കുക എന്നത് മാത്രമാണ് ഇതില്‍ ചെയ്യാനുള്ള വിട്ടുവീഴ്ച.

ജയരാജനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് തരം താഴ്ത്തുമെന്ന പ്രചരണം പാര്‍ട്ടികകത്ത് ശക്തമാണ്. നടപടി ശാസനയില്‍ ഒതുക്കണമെന്ന അഭിപ്രായവുമുണ്ട്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ജയരാജന് കൂടുതല്‍ കടുത്ത ശിക്ഷ ഇനി വേണ്ടെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.എന്നാല്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായ നപടി സ്വീകരിക്കുന്ന പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുസമൂഹത്തിനിടയില്‍ മോശം പ്രതിച്ഛായ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതാക്കള്‍ക്കിടയിലെ അഭിപ്രായം.അടുത്ത സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ജയരാജന്റെ പിന്‍ഗാമിയെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് സൂചന.

Top