ന്യൂയോര്‍ക്ക്: കോപഅമേരിക്കയിലെ ദയനീയ തോല്‍വിക്കു ശേഷം മഞ്ഞപ്പട പതിയെ തിരിച്ചുവരുന്നു. അമേരിക്കക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബാളില്‍ ബ്രസീലിനു തുടര്‍ച്ചയായ രണ്ടാം ജയം. പകരക്കാരനായിറങ്ങി ഇരട്ടഗോള്‍ നേടിയ നെയ്മറിന്‍െറ മികവിലാണ് ബ്രസീല്‍ യു.എസിനെ തകര്‍ത്തത്. കഴിഞ്ഞ ദിവസം കോസ്റ്ററിക്കക്കെതിരെ ഒരു ഗോളിന് ബ്രസീല്‍ വിജയിച്ചിരുന്നു. അതേ സമയം മറ്റൊരു മത്സരത്തില്‍ മെക്സിക്കോക്കെതിരേ അര്‍ജന്‍റീന സമനില പിടിച്ചു.
ഫോക്സ്ബര്‍ഗില്‍ 30,000ത്തോളം കാണികള്‍ക്കു മുന്നില്‍ നെയ്മറിനെ പകരക്കാരനാക്കിയാണു മഞ്ഞപ്പട കളിതുടങ്ങിയത്. നെയ്മറില്ലാത്ത പ്ളെയിങ് ഇലവനൊരുക്കുന്നതിന്‍െറ ഭാഗമായാണ് ദുംഗ ഹള്‍കിനെയും സംഘത്തെയുമിറക്കി പരീക്ഷണത്തിന് മുതിര്‍ന്നത്. കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലിലെ സംഭവങ്ങളെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നെയ്മറിന്‍െറ അഭാവം ലോകകപ്പ് യോഗ്യതാറൗണ്ടിലെ രണ്ടു മത്സരങ്ങളില്‍ ടീമിനെ ബാധിക്കാതിരിക്കാനുള്ള നീക്കത്തിലാണ് കോച്ച്.
ഒമ്പതാം മിനിറ്റില്‍ തന്നെ ഹള്‍ക്ക് ഗോള്‍ കണ്ടെത്തി. വില്യന്‍െറ ക്രോസില്‍ നിന്നാണ് ഹള്‍ക്ക് വല കുലുക്കിയത്. ഇന്നലെയും ഹള്‍കിന്‍െറ ഗോളിലൂടെയാണ് മഞ്ഞപ്പട കോസ്റ്ററീകക്കെതിരെ ആശ്വാസ ജയം നേടിയത്.
രണ്ടാം പകുതിയിലാണ് വില്യനു പകരം സൂപ്പര്‍താരം നെയ്മര്‍ ഗ്രൗണ്ടിലെ ത്തിയത്. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ബാഴ്സ താരം പെനാല്‍റ്റിയിലൂടെ വലകുലുക്കി. 64-ാം മിനിറ്റില്‍ റാഫിയാനയിലൂടെ ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തി.മൂന്നു മിനിറ്റിനുശേഷം നെയ്മര്‍ നാലാം ഗോള്‍ കുറിച്ചു. 90-ാം മിനിറ്റില്‍ ഡാനിയേല്‍ വില്യംസ് യു.എസിന്‍െറ ആശ്വാസഗോള്‍ നേടി.
മെക്സിക്കോക്കെതിരായ മത്സരത്തില്‍ പരാജയ മുഖത്തു നിന്നും അര്‍ജന്‍റീന കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 19,70 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെയാണ് മെക്സിക്കോ മുന്നിലെത്തിയത്. എന്നാല്‍ അവസാന അഞ്ചു മിനിറ്റില്‍ രണ്ടു ഗോളടിച്ച് അര്‍ജന്‍റിന സമനില നേടുകയായിരുന്നു. 84ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും ലയണല്‍ മെസിയുമാണ് രക്ഷകരായത്.
മറ്റു സൗഹൃദമത്സരങ്ങളില്‍ കോസ്റ്ററിക്ക 1^0ത്തിനു ഉറുഗ്വെയ അട്ടിമറിച്ചു. കൊളംബിയ-പെറു മത്സരം 1^1നു സമനിലയില്‍ പിരിഞ്ഞു.