ചിട്ടി തട്ടിപ്പ് നടത്തി റിയല്‍ എസ്റ്റേറ്റ്; പതിനാറു കോടിയോളം തട്ടിപ്പ് നടത്തിയ ചിട്ടിയുടമ അറസ്റ്റില്‍

നെയ്യാറ്റിന്‍കര: ചിട്ടിയുടെ പേരില്‍ പലരില്‍ നിന്നായി പതിനാറ് കോടിയോളം തട്ടിയെടുത്ത ചിട്ടിയുടമ അറസ്റ്റിലായി. നെയ്യാറ്റിങ്കര നെല്ലിമൂട് വി.ആര്‍.എസ്. ചിട്ടി ഫണ്ട് നടത്തുന്ന നെല്ലിമൂട് കുറ്റിത്താന്നി വല്ലയംനിന്ന വീട്ടില്‍ രവി എന്നും ബാബു എന്നും വിളിക്കുന്ന രവീന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് ബാങ്ക് നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മുപ്പതു വര്‍ഷം മുന്‍പ് നെല്ലിമൂട് കവലയില്‍ തുടങ്ങിയ വി.ആര്‍.എസ്. ചിട്ടി ഫണ്ടിലൂടെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ നിക്ഷേപത്തട്ടിപ്പു നടത്തിയത്. നാളുകള്‍ കഴിഞ്ഞിട്ടും പണം നിക്ഷേപിച്ചവര്‍ക്കു പലിശയും പണവും ലഭിക്കാത്തതിനെത്തുടര്‍ന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നെയ്യാറ്റിന്‍കര എസ്.ഐ. എസ്.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രവീന്ദ്രനെ പിടികൂടിയത്. അയ്യായിരം മുതല്‍ അറുപതു ലക്ഷം രൂപയുടെ നിക്ഷേപം വരെ പ്രതി സ്വീകരിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത പ്രതി പാല്‍ കച്ചവടം നടത്തി ആള്‍ക്കാരുമായുണ്ടാക്കിയെടുത്ത ബന്ധത്തിലൂടെയാണ് ചിട്ടി ഫണ്ട് തുടങ്ങുന്നത്.

മോദിസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത് രവീന്ദ്രനെ വെട്ടിലാക്കുകയായിരുന്നു. ആ സമയത്ത് പലരും നിക്ഷേപത്തുക മടക്കി ആവശ്യപ്പെട്ടെങ്കിലും പ്രതി ഇതെല്ലാം കൊടുത്തുതീര്‍ക്കുമെന്നു വാഗ്ദാനം നല്‍കുക മാത്രമായിരുന്നു. നിക്ഷേപങ്ങള്‍ക്കു കൃത്യമായ പലിശ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സ്ഥാപനത്തിനെതിരേ പരാതി ഉയര്‍ന്നത്. നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നൂറിലേറെ പരാതിയാണ് ഇതുവരെ ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നിര്‍മല്‍കൃഷ്ണ തട്ടിപ്പിനു സമാനമായ രീതിയിലാണ് വി.ആര്‍.എസ്. ചിട്ടി ഫണ്ടിലൂടെ രവീന്ദ്രന്‍ നിക്ഷേപത്തട്ടിപ്പു നടത്തിയത്. നിക്ഷേപിച്ച പണമെല്ലാം റിയല്‍ എസ്റ്റേറ്റ് രംഗത്താണ് രവീന്ദ്രന്‍ വിനിയോഗിച്ചത്. ഇരുനൂറോളം നിക്ഷേപകരില്‍നിന്നാണ് പ്രതി തട്ടിപ്പു നടത്തിയത്. നെല്ലിമൂടിനു പുറമേ പഴയകടയിലും വി.ആര്‍.എസ്. ചിട്ടി ഫണ്ടിനു ശാഖയുണ്ട്.
തുടര്‍ന്ന്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top