കോട്ടയം: വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളിൽ എൻജിഒ യൂണിയൻ ശുചീകരണം നടത്തുന്നു. നാട്ടകം ഗവ. കോളേജിൽ വച്ച് സിഐടിയു കേന്ദ്രകൗൺസിലംഗം എ വി റസ്സൽ ശുചീകരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ കേരളത്തിനായി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ പഠനോപകരണങ്ങളുടെയും ടിവിയുടെയും വിതരണമുൾപ്പെടെ എൻജിഒ യൂണിയൻ ഈ മേഖലയിൽ ഒട്ടേറെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ പ്രകാശ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, എകെജിസിടിഎ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി കെ സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ നന്ദിയും പറഞ്ഞു.