ലക്‌നൗ: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘത്തില്‍ അംഗമായിരുന്ന ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. എന്‍ഐഎയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ അഹമ്മദ് ടെന്‍സില്‍ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍പില്‍ വച്ചാണ് അഹമ്മദ് െടന്‍സിലിന് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മക്കള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ടെന്‍സിലിന് നേരെ 21ലധികം തവണ അക്രമികള്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ അഹമ്മദ് ടെന്‍സിലിനെയും ഭാര്യയെയും ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. വെടിവയ്പിന്റെ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ ഫര്‍സാനയ്ക്കും വെടിയേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ബിജ്‌നോറില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഹമ്മദ് ടെന്‍സിലിനും ഭാര്യയ്ക്കും നേരെ മോട്ടോര്‍ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയശേഷമായിരുന്നു വെടിവയ്പ്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചില നിര്‍ണായക ഓപ്പറേഷനുകളില്‍ ഇദ്ദേഹം അംഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ഞെട്ടിച്ചുവെന്നും ഉത്തര്‍പ്രദേശ് പൊലീസുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തുമെന്നും എന്‍ഐഎ വക്താവ് അറിയിച്ചു.