ബീഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും ബിഹാറിലെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ബിജെപിയുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോഡി ബീഹാറിലെ പുതിയ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. രാജിക്ക് തൊട്ടുപിന്നാലെ നിതീഷ് കുമാറും സുശീൽ കുമാർ മോഡിയും രാജ്ഭവനിലെത്തി ഗവർണർ കേസരി നാഥ് ത്രിപഥിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു.
132 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറും സുശീൽ കുമാർ മോഡിയും ഗവർണറെ അറിയിച്ചത്. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടികയും ഇരുവരും ഗവർണർക്ക് കൈമാറിയിരുന്നു. 71 ജെഡിയു അംഗങ്ങളും 53 ബിജെപി അംഗങ്ങളും ആർഎൽഎസ്പി,എൽജെപി എന്നിവയുടെ രണ്ടംഗങ്ങളും മൂന്ന് സ്വതന്ത്രരും പുതിയ സർക്കാരിനെ പിന്തുണയ്ക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പുതിയ സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ചും തീരുമാനമെടുക്കും. ഒറ്റ രാത്രി കൊണ്ടാണ് ബീഹാർ രാഷ്ട്രീയം കലങ്ങി മറിഞ്ഞത്. ആർജെഡി ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാർ തൊട്ടുപിന്നാലെയാണ് ബിജെപി പിന്തുണ സ്വീകരിച്ച് വീണ്ടും മുഖ്യമന്ത്രിയാകുന്ന കാര്യം പ്രഖ്യാപിച്ചത്. നിതീഷ് കുമാറിന്റെ രാജിയോടെ ബിജെപിയ്ക്ക് എതിരായി രൂപീകരിച്ച മഹാസഖ്യത്തിനും അന്ത്യമായി.